പാഴാക്കിയത് രണ്ട് പെനാൽറ്റികൾ,മെസ്സിയുടെ അഭാവത്തിലും വിജയം, ബാഴ്സ മുന്നോട്ട് !

കോപ്പ ഡെൽ റേയിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബാഴ്‌സ വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സ കോർനെല്ലയെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോൾ നേടാനാവാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീങ്ങുകയായിരുന്നു. എന്നാൽ അധികസമയത്ത് രണ്ട് ഗോളുകൾ നേടിക്കൊണ്ട് ബാഴ്സ വിജയം സ്വന്തമാക്കുകയായിരുന്നു. ബാഴ്സക്ക്‌ വേണ്ടി ഉസ്മാൻ ഡെംബലെ, മാർട്ടിൻ ബ്രൈത്വെയിറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ ലഭിച്ച രണ്ട് പെനാൽറ്റികളും ബാഴ്സ പാഴാക്കുകയായിരുന്നു. കോർനെല്ലയുടെ ഗോൾ കീപ്പർ റാമോൺ യുവാനിന്റെ ഉജ്ജ്വലപ്രകടനമാണ് ബാഴ്സയെ കൂടുതൽ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തിയത്. ജയത്തോടെ ബാഴ്സ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. അതേസമയം സസ്‌പെൻഷൻ ലഭിച്ച സൂപ്പർ താരം ലയണൽ മെസ്സിക്ക്‌ കളിക്കാൻ സാധിച്ചിരുന്നില്ല.

തുടക്കം മുതലേ ബാഴ്സയുടെ മുന്നേറ്റങ്ങൾ പലതും ഗോൾകീപ്പറുടെ കയ്യിൽ അവസാനിക്കുകയായിരുന്നു. ഒടുവിൽ 39-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി എടുത്ത പ്യാനിക്കിന് പിഴക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഗോളില്ലാതെ പിരിഞ്ഞു. രണ്ടാം പകുതിയുടെ എൺപതാം മിനുട്ടിൽ ബാഴ്സക്ക്‌ വീണ്ടും പെനാൽറ്റി ലഭിച്ചു. ഇത്തവണ എടുത്ത ഡെംബലെക്കും പിഴച്ചതോടെ നിശ്ചിത സമയത്തും സ്കോർ 0-0. എന്നാൽ എക്സ്ട്രാ ടൈമിൽ ഡെംബലെ തന്നെ ഗോൾ കണ്ടെത്തി. പെഡ്രിയുടെ പാസ് സ്വീകരിച്ച താരം ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. പിന്നാലെ കോർനെല്ല താരം എസ്റ്റെല്ലസ് റെഡ് കണ്ടു പുറത്ത് പോയി. തുടർന്ന് 120-ആം മിനിറ്റിൽ പെഡ്രിയുടെ അസിസ്റ്റിൽ നിന്ന് തന്നെ ബ്രൈത്വെയിറ്റ് ഗോൾ നേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *