പരിശീലനത്തിൽ മിന്നിത്തിളങ്ങി, ഡീപേയെ പ്രശംസിച്ച് സെർജി റോബെർട്ടോ!

തങ്ങളുടെ രണ്ടാമത്തെ സൗഹൃദമത്സരത്തിനുള്ള ഒരുക്കങ്ങൾ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ പൂർത്തിയാക്കിയിരുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30-ന് ജിറോണയെയാണ് ബാഴ്‌സ നേരിടുന്നത്. ആദ്യത്തെ സൗഹൃദമത്സരത്തിൽ ജിംനാസ്റ്റിക്കിനെ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളുകൾക്ക്‌ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ബാഴ്‌സ ബി താരങ്ങളായിരുന്നു ഭൂരിഭാഗവും കളിച്ചിരുന്നത്. ഇന്നത്തെ മത്സരത്തിലും സീനിയർ താരങ്ങൾ കളിക്കാൻ സാധ്യത കുറവാണ്. ഏതായാലും ഈ സമ്മറിൽ ബാഴ്‌സയിൽ എത്തിയ മെംഫിസ് ഡീപേ ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. പരിശീലനത്തിന് ശേഷം താരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാഴ്‌സ താരമായ സെർജി റോബെർട്ടോ. ഡീപേയുടെ ക്വാളിറ്റി അദ്ദേഹം പരിശീലനത്തിൽ തന്നെ പ്രകടിപ്പിച്ചു എന്നാണ് റോബെർട്ടോ അറിയിച്ചത്. മുണ്ടോ ഡിപോർട്ടിവോയാണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

” എല്ലാവർക്കും ഡീപേയെ അറിയുന്നതാണ്.ഒരുപാട് ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.അത് ലിയോണിന് വേണ്ടിയും നെതർലാന്റ്സിന് വേണ്ടിയും നമ്മൾ ഒരുപാട് തവണ കണ്ടതാണ്.അദ്ദേഹം മികച്ച താരമാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ക്വാളിറ്റി എന്തെന്ന് കുറഞ്ഞ ട്രെയിനിങ് സെഷനിലൂടെ തന്നെ അദ്ദേഹം പ്രകടിപ്പിച്ചു കഴിഞ്ഞു. അതിന് ഞങ്ങൾ സാക്ഷിയായതുമാണ്.അദ്ദേഹം ടീമിന് ഒരുപാട് സഹായകരമാവുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട് ” ഇതാണ് സെർജി റോബെർട്ടോ ഡീപേയെ കുറിച്ച് പറഞ്ഞത്. ഏതായാലും മെസ്സിക്കൊപ്പം അഗ്വേറോയും ഡീപേയും ചേരുന്നത് വലിയ പ്രതീക്ഷയാണ് ബാഴ്‌സ ആരാധകർക്ക്‌ നൽകുന്നത്. ഡീപേയുടെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *