പരിശീലനത്തിനിടെ ഫാറ്റിക്ക് പരിക്ക്, ഇന്നത്തെ മത്സരം നഷ്ടമാവും !

എഫ്സി ബാഴ്സലോണയുടെ യുവസ്പാനിഷ് സൂപ്പർ താരം അൻസു ഫാറ്റിക്ക് പരിക്ക്. ബാഴ്സ തന്നെയാണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ വലത് ഇടുപ്പിനാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് ബാഴ്സ വ്യക്തമാക്കിയിരിക്കുന്നത്. എത്ര നാൾ പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല. താരത്തിന്റെ പുരോഗതി പരിശോധിക്കും എന്നാണ് ബാഴ്സ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ന് നടക്കുന്ന മത്സരം താരത്തിന് നഷ്ടമാവും. ഇന്ന് ജിംനാസ്റ്റിക്കിനെതിരെയാണ് ബാഴ്സ സൗഹൃദമത്സരം കളിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30 നാണ് മത്സരം.സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ളവർ കളത്തിലിറങ്ങിയേക്കും.

കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഫാറ്റിയെ ഏവരും ശ്രദ്ദിക്കപ്പെടുന്നത്. പതിനേഴുകാരനായ താരം കഴിഞ്ഞ സീസണിൽ 24 ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിരുന്നു. ഇതിൽ പതിനൊന്നെണ്ണത്തിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ കളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച്ച നടന്ന യുവേഫ നേഷൻസ് ലീഗിൽ ഫാറ്റി ചരിത്രം കുറിച്ചിരുന്നു. ഉക്രൈനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടി കൊണ്ട് സ്പെയിനിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം താരം സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ ഇരുപത്തിയേഴിനാണ് ബാഴ്‌സ തങ്ങളുടെ ലാലിഗ ആരംഭിക്കുന്നത്. വിയ്യാറയലാണ് ബാഴ്സയുടെ എതിരാളികൾ. അപ്പോഴേക്കും താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം വരുന്ന സീസണിൽ കൂമാന് കീഴിൽ പ്രധാനപ്പെട്ട റോൾ താരത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *