പരിശീലക വേഷമണിയുമോ? തുറന്ന് പറഞ്ഞ് റൊണാൾഡിഞ്ഞോ!
ബാഴ്സയുടെയും ബ്രസീലിന്റെയും ഇതിഹാസതാരമായ റൊണാൾഡിഞ്ഞോ വിരമിച്ച ശേഷം തന്റെ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്.പല മുൻ സൂപ്പർ താരങ്ങളും വിരമിച്ചതിന് ശേഷം പരിശീലകവേഷമണിയുമ്പോൾ റൊണാൾഡിഞ്ഞോയുടെ ഭാഗത്തു നിന്നും അത്തരത്തിലുള്ള നീക്കമുണ്ടാവുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. എന്നാൽ തന്റെ ഭാവിയിലേക്കുള്ള പദ്ധതികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ റൊണാൾഡിഞ്ഞോ.പരിശീലകനാവാൻ പദ്ധതിയില്ലെന്നും മറിച്ച് മ്യൂസിക്കാണ് തന്റെ പ്രൊജക്റ്റ് എന്നുമാണ് റൊണാൾഡിഞ്ഞോ അറിയിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ സ്‌പോർട്ടാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Ronaldinho as a coach? The Brazilian assesses his future with Ibai https://t.co/novw9biEzh
— SPORT English (@Sport_EN) August 2, 2021
” എനിക്ക് നിലവിൽ മ്യൂസിക്കിലാണ് പ്രൊജക്റ്റുള്ളത്.എന്റെ വീട്ടിൽ എപ്പോഴും മ്യൂസിക്കുണ്ടാവും.മാത്രമല്ല എനിക്ക് ലോകത്തിന്റെ പല ഭാഗത്തും സോക്കർ സ്‌കൂളുകളുമുണ്ട്. ഭാവിയെ കുറിച്ചുള്ള എന്റെ പദ്ധതികളിൽ ഞാൻ ഒരു പരിശീലകനെ കാണുന്നില്ല.മ്യൂസിക് എന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുകയാണിപ്പോൾ.ചില സമയത്ത് എന്റെ ബന്ധുക്കൾ അവരുടെ മ്യൂസിക് പ്രൊജക്റ്റിന്റെ ഭാഗമായി എന്നെ ക്ഷണിക്കാറുണ്ട്. ഞാൻ അവർക്ക് പുതിയ ഗായകരെ പരിചയപ്പെടുത്തി നൽകാറുമുണ്ട്.അത്പോലെ തന്നെ കുട്ടികൾക്കായി ഞാൻ ഫുട്ബോൾ സ്‌കൂളുകളും നടത്തുന്നുണ്ട്.അത് അവരുടെ സ്വപ്നങ്ങൾ തിരിച്ചറിയാനും പഠിക്കാനും ആസ്വദിക്കാനും വേണ്ടിയുള്ളതാണ്.അത് കൂടാതെ ഒട്ടേറെ കാര്യങ്ങൾ എനിക്കിപ്പോഴും ചെയ്യാനുണ്ട്.ഒരുപാട് മത്സരങ്ങൾ ഇപ്പോഴും കളിക്കാറുണ്ട്.ബാഴ്‌സ ഇതിഹാസങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും മുൻ താരങ്ങൾക്കൊപ്പവും ലോകത്തിന്റെ പല ഭാഗത്തുമായി ഇപ്പോഴും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.ലോകത്തെ വ്യത്യസ്തമായ രീതിയിൽ മനസ്സിലാക്കാനും നല്ല രൂപത്തിൽ ജീവിക്കാനും കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ” ഇതാണ് റൊണാൾഡിഞ്ഞോ പറഞ്ഞിട്ടുള്ളത്.
നിലവിൽ എഫ്സി ബാഴ്സലോണയുടെ അംബാസിഡർമാരിൽ ഒരാളാണ് റൊണാൾഡിഞ്ഞോ. ഇപ്പോഴും താരം ലോകത്തിന്റെ പല ഭാഗത്തായി ചാരിറ്റി മത്സരങ്ങൾ കളിക്കാറുണ്ട്.