പരിശീലകനായി സിദാൻ തന്നെ, റയൽ മാഡ്രിഡിലേക്ക് തിരികെ വരാൻ വിസമ്മതിച്ച് സൂപ്പർ താരം !

2019-ലെ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രാഹിം ഡയസ് തന്റെ ക്ലബായ മാഞ്ചസ്റ്റർ സിറ്റി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. മൂന്ന് വർഷത്തോളം സിറ്റിയിൽ ചിലവഴിച്ച ശേഷമാണ് താരം സ്പെയിനിലേക്ക് തന്നെ മടങ്ങിയെത്തിയത്. എന്നാൽ പരിശീലകൻ സിദാൻ താരത്തെ വേണ്ടത്ര പരിഗണിച്ചില്ല. അവസരങ്ങൾ ലഭിക്കാതെയായതോടെ ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ താരം ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്ക് ചേക്കേറി. ഒരു വർഷത്തെ ലോണിലാണ് താരം മിലാനിൽ എത്തിയത്.സാൻസിറോയിലെത്തിയ ശേഷം മിന്നും പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെ താരം റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ ഡയാറിയോ ഗോൾ ആണ് ഈ വാർത്തയുടെ ഉറവിടം.

ഈ സീസണിൽ മിലാൻ കളിച്ച 27 മത്സരങ്ങളിൽ 22 മത്സരങ്ങളിലും ബ്രാഹിം കളിച്ചിട്ടുണ്ട്. ഇതിൽ 11 എണ്ണത്തിൽ താരം ആദ്യ ഇലവനിൽ ഇടം നേടി. ഈ മത്സരങ്ങളിൽ നിന്നായി താരം നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അത്കൊണ്ട് തന്നെ താരത്തെ സ്ഥിരമായി നിലനിർത്താൻ എസി മിലാനും ആഗ്രഹമുണ്ട്. ഇതോടെ റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ഫ്ലോറെന്റിനോ പേരെസുമായി ഇക്കാര്യം എസി മിലാൻ അധികൃതർ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. സിദാൻ പരിശീലകനായി ഉള്ളിടത്തോളം കാലം റയൽ മാഡ്രിഡിലേക്ക് ഇല്ല എന്നാണ് ബ്രാഹിം ഡയസിന്റെ നിലപാട്. താരത്തിന്റെ ലോൺ കാലാവധി ജൂൺ 2021-ൽ തീരും. അതിന് മുമ്പ് താരത്തെ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് മിലാൻ.

Leave a Reply

Your email address will not be published. Required fields are marked *