പരിശീലകനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, ഗ്രീസ്‌മാന്‌ മറുപടിയുമായി കൂമാൻ !

ഫ്രാൻസ് vs ക്രോയേഷ്യ മത്സരത്തിന് ശേഷമായിരുന്നു അന്റോയിൻ ഗ്രീസ്‌മാൻ ബാഴ്‌സ പരിശീലകൻ കൂമാന് നേരെ ഉന്നം വെച്ച് ഒരു പ്രസ്താവന നടത്തിയത്. ഫ്രാൻസ് പരിശീലകന് തന്നെ എവിടെ കളിപ്പിക്കണമെന്ന് അറിയാമെന്നും അതിനാൽ തന്നെ എനിക്ക് സാഹചര്യം മുതലെടുക്കാൻ കഴിഞ്ഞുമെന്നായിരുന്നു ഗ്രീസ്‌മാൻ പറഞ്ഞിരുന്നത്. മത്സരത്തിൽ ഗ്രീസ്‌മാൻ ഒരു ഗോൾനേടിയിരുന്നു. രണ്ട് സ്‌ട്രൈക്കർമാർക്ക് പിറകിൽ മധ്യത്തിൽ ആയിട്ടായിരുന്നു അദ്ദേഹം അന്ന് കളിച്ചിരുന്നത്. എന്നാൽ ബാഴ്സയിൽ കൂമാൻ അദ്ദേഹത്തെ വിങ്ങിലേക്ക് ആയിരുന്നു നിയോഗിച്ചിരുന്നത്. അതിലുള്ള അതൃപ്തിയാണ് ഗ്രീസ്‌മാൻ അന്ന് പരസ്യമായി അറിയിച്ചത്. എന്നാൽ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ കൂമാൻ. ടീമിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് പരിശീലകനാണെന്നും താൻ എടുക്കുന്ന ഓരോ തീരുമാനവും ടീമിന്റെ നല്ലതിന് വേണ്ടിയുമാണ് എന്നാണ് കൂമാൻ പറഞ്ഞത്. ഗ്രീസ്‌മാനുമായി ഒരു പ്രശ്നവുമില്ലെന്നും കൂമാൻ അറിയിച്ചു.

” ഞാൻ ഗ്രീസ്മാനുമായി സംസാരിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെയാണ്. ടീമിന് ഏറ്റവും ഗുണകരമായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ ഫലം കാണുന്ന രീതിയാണ് ഞാൻ ഉപയോഗിക്കാൻ ശ്രമിക്കുന്നത് എന്നാണ്. അദ്ദേഹത്തിന് മൂന്ന് പൊസിഷനിലും കളിക്കാം. നമ്പർ 10-ലും നമ്പർ 9-ലും അദ്ദേഹത്തിന് കളിക്കാം. എന്നാൽ ഞാൻ ഹോളണ്ട് പരിശീലകൻ ആയ സമയത്ത് അദ്ദേഹം ഞങ്ങൾക്കെതിരെ ഫ്രാൻസിന് വേണ്ടി റൈറ്റ് വിങ്ങിൽ ആയിരുന്നു കളിച്ചിരുന്നത്. അത് തന്നെയാണ് ഞാൻ ഇപ്പോൾ അദ്ദേഹത്തിന് ബാഴ്സയിൽ നൽകിയിരിക്കുന്നതും. എനിക്ക് ഗ്രീസ്‌മാനുമായി ഒരു പ്രശ്നവുമില്ല. ഞാൻ കാര്യങ്ങൾ തീരുമാനിക്കുന്നത് ടീമിന് ഏറ്റവും ഉചിതമായത് നോക്കിയാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് പരിശീലകനാണ്. താരങ്ങൾ കളിക്കുമ്പോൾ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *