പരിക്ക് ശാപം വിട്ടൊഴിയാതെ കോർട്ടുവ, വീണ്ടും പുറത്തായി!
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ബെൽജിയൻ സൂപ്പർതാരമായ തിബൌട് കോർട്ടുവക്ക് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ഇടത് കാൽമുട്ടിന് ACL ഇഞ്ചുറി ഏൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കോർട്ടുവക്ക് കഴിഞ്ഞിരുന്നില്ല. ഇത്രയും കാലം പരിക്കിൽ നിന്നും മുക്തനാവുന്ന പ്രക്രിയയിലായിരുന്നു താരം ഉണ്ടായിരുന്നത്.
ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹം പരിശീലനത്തിലേക്ക് തിരിച്ചെത്തിയത്. ആഴ്ചകൾക്കുള്ളിൽ അദ്ദേഹത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കഴിയും എന്നായിരുന്നു പ്രതീക്ഷ.എന്നാൽ ട്രെയിനിങ്ങിനിടയിൽ വീണ്ടും ഈ ഗോൾകീപ്പർക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഇടത് കാൽമുട്ടിനാണ് പരിക്കേറ്റതെങ്കിൽ ഇത്തവണ വലത് കാൽമുട്ടിനാണ് പരിക്കേറ്റത്. വലത് കാൽമുട്ടിൽ ഇന്റേണൽ മെനിസ്ക്കസ് ഇഞ്ചുറിയാണ് അദ്ദേഹത്തിന് പിടിപെട്ടത്. കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടതെന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Breaking: Thibaut Courtois has been diagnosed with a torn internal meniscus in his right knee after suffering an injury in Real Madrid's training session, the club announced. pic.twitter.com/tsYS7s9D81
— ESPN FC (@ESPNFC) March 19, 2024
താരത്തിന്റെ പരിക്ക് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് ഇനി ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. കുറഞ്ഞത് രണ്ടുമാസമെങ്കിലും അദ്ദേഹം പുറത്തിരിക്കേണ്ടി വരും.ഒരൊറ്റ മത്സരം പോലും കളിക്കാൻ സാധിക്കാതെ അദ്ദേഹം ഈ സീസണിൽ നിന്നും പുറത്തായിരിക്കുകയാണ്. അതേസമയം ബെൽജിയം ദേശീയ ടീമിനോടൊപ്പം അടുത്ത യൂറോ കപ്പിൽ കളിക്കാൻ സാധിക്കുമോ എന്നുള്ള കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇനി റയൽ മാഡ്രിഡ് വരുന്ന മത്സരങ്ങൾക്ക് ലുനിനെ തന്നെയാണ് ആശ്രയിക്കുക.അദ്ദേഹത്തിന്റെ മികവ് റയൽ മാഡ്രിഡിന് ആശ്വാസം നൽകുന്ന കാര്യമാണ്. കൂടാതെ കെപയും ഗോൾകീപ്പറായിക്കൊണ്ട് റയൽ മാഡ്രിഡിൽ ഉണ്ട്.അടുത്ത മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കോർട്ടുവ തിരിച്ചെത്തുമെന്ന എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹത്തിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്.ഏതായാലും പരിക്ക് ശാപം ഇപ്പോൾ അദ്ദേഹത്തെ വിട്ടൊഴിയുന്നില്ല.