പരിക്ക് തുണയായി,ഒൽമോയെ രജിസ്റ്റർ ചെയ്ത് ബാഴ്സലോണ!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സൈനിങ്ങ് മാത്രമാണ് നടത്തിയിട്ടുള്ളത്.ആർബി ലീപ്സിഗിൽ നിന്നും ഡാനി ഒൽമോയെ കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. ഏകദേശം 60 മില്യൺ യൂറോയോളം ബാഴ്സ താരത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്.ലാ മാസിയയിലൂടെ വളർന്ന താരത്തെ ബാഴ്സക്ക് വീണ്ടും ക്ലബ്ബിലേക്ക് എത്തിക്കേണ്ടി വരികയായിരുന്നു.
ഒൽമോയെ സൈൻ ചെയ്തിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു. എന്നിട്ടും താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് വലിയ ആശങ്കക്ക് ഇടയാക്കി.ഗുണ്ടോഗൻ,റോക്ക്,ലെങ്ലെറ്റ് എന്നിവരൊക്കെ ക്ലബ്ബ് വിട്ടിരുന്നു.എന്നിട്ടും താരത്തെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആൻഡ്രിയാസ് ക്രിസ്റ്റൻസണ് പരിക്കേൽക്കുന്നത്. ഇത് യഥാർത്ഥത്തിൽ ബാഴ്സക്ക് തുണയായി എന്ന് വേണം പറയാൻ.
രണ്ടുമാസം മുതൽ നാലുമാസം വരെ ക്രിസ്റ്റൻസൺ പുറത്തിരിക്കേണ്ടി വരും എന്നുള്ള റിപ്പോർട്ട് ബാഴ്സ ലാലിഗക്ക് മുന്നിൽ സമർപ്പിക്കുകയായിരുന്നു. ലാലിഗ അത് പരിശോധിച്ചു. അത് ബോധ്യപ്പെട്ടതോടെ അവർ ഒൽമോയെ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. ഈ നാല് മാസങ്ങൾക്ക് മുമ്പ് പരിക്കിൽ നിന്നും മുക്തനായി കൊണ്ട് ക്രിസ്റ്റൻസൺ തിരിച്ചെത്തിയാൽ അദ്ദേഹത്തിന് ടീമിനോടൊപ്പം തുടരാൻ കഴിയും. ഇതും ബാഴ്സക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നിരുന്നാലും ഡിസംബറിന് ശേഷം സാലറി ക്യാപിൽ അഡ്ജസ്റ്റ്മെന്റുകൾ വരുത്തിയിട്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവാൻ സാധ്യതയുണ്ട്.
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ റയോ വല്ലക്കാനോയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് റയോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ഒൽമോ കളിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയിച്ച ബാഴ്സലോണ ഇപ്പോൾ മികച്ച ഫോമിലാണ് ഉള്ളത്.