പകരക്കാരനായി വന്നു കൊണ്ട് ലെവന്റോസ്ക്കിയുടെ തേരോട്ടം, ബാഴ്സക്ക് മിന്നുന്ന വിജയം!
ഇന്നലെ ലാലിഗയിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ബാഴ്സക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി തന്നെയാണ് ഒരിക്കൽ കൂടി ബാഴ്സയുടെ ഹീറോയായി മാറിയത്.
പകരക്കാരനായി വന്നു കൊണ്ട് ലെവന്റോസ്ക്കി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കുകയായിരുന്നു.ഫ്രങ്കി ഡി യോങ്,ഫാറ്റി,ഡെമ്പലെ എന്നിവരാണ് ബാക്കിയുള്ള ഗോളുകൾ നേടിയത്. ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് ആണ് ബാഴ്സക്കുള്ളത്.
ഡീപേ,റാഫീഞ്ഞ,ടോറസ് എന്നിവരായിരുന്നു ബാഴ്സയുടെ മുന്നേറ്റ നിരയെ നയിച്ചിരുന്നത്. ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല.55-ആം മിനുട്ടിൽ ഗോൾകീപ്പർ സേവ് ചെയ്തുകൊണ്ട് റീബൗണ്ട് വന്ന പന്ത് ഡി യോങ് വലയിൽ എത്തിക്കുകയായിരുന്നു.57-ആം മിനുട്ടിൽ പകരക്കാരനായി എത്തിയ ലെവ 65-ആം മിനുട്ടിൽ ഗോളും നേടി.ബോക്സിലെ കൂട്ടപൊരിച്ചിലിനോടുവിൽ ലെവ ഫിനിഷ് ചെയ്യുകയായിരുന്നു.
Full Time #CádizBarça pic.twitter.com/0SqAMd6oTp
— FC Barcelona (@FCBarcelona) September 10, 2022
86-ആം മിനുട്ടിൽ ലെവ തനിക്ക് ഗോൾ നേടാമായിരുന്നിട്ടും ഫാറ്റിക്ക് വെച്ച് നീട്ടുകയും താരം അത് ഗോളാക്കി മാറ്റുകയും ചെയ്തു.92-ആം മിനുട്ടിൽ ലെവ നൽകിയ പാസ് സ്വീകരിച്ച് ഡെമ്പലെ മുന്നേറ്റം നടത്തുകയും ഗോളാക്കി മാറ്റുകയും ചെയ്തു. ഇനി ചാമ്പ്യൻസ് ലീഗിൽ ബയേണിനെയാണ് ബാഴ്സ നേരിടുക.