ന്യായീകരണമില്ല, പിഴവ് എന്റേത്. കുറ്റസമ്മതം നടത്തി സിദാൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ്‌ ഡിപോർട്ടിവോ അലാവസിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ്‌ ഗോൾവഴങ്ങിയിരുന്നു. തുടർന്ന് മത്സരം തിരിച്ചു പിടിക്കാൻ റയലിന് സാധിച്ചില്ല. തുടർച്ചയായ മൂന്നാം ലാലിഗ മത്സരത്തിലാണ് റയൽ മാഡ്രിഡ്‌ ജയമറിയാതെ പോകുന്നത്. വലൻസിയയോട് 4-1 ന് നാണംകെട്ട റയൽ പിന്നീട് വിയ്യാറയലിനോട് 1-1 സമനിലയിൽ കുരുങ്ങുകയായിരുന്നു. ഇപ്പോഴിതാ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. തോൽവിയിൽ ഒരു ന്യായീകരണമില്ലെന്നും പിഴവ് തന്റേത് മാത്രമാണ് എന്നുമാണ് സിദാൻ മത്സരശേഷം പ്രസ്താവിച്ചത്. സ്ഥിരത പുലർത്താൻ റയൽ മാഡ്രിഡിന് സാധിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും സിദാൻ കൂട്ടിച്ചേർത്തു.

” ഈ മാറ്റത്തിന് എന്റെ കയ്യിൽ വിശദീകരണമൊന്നുമില്ല. ഒരേസമയം ഞങ്ങൾക്ക്‌ നല്ല മത്സരങ്ങളും മോശം മത്സരങ്ങളുമുണ്ടാകുന്നു. മൂന്ന് ദിവസങ്ങൾക്ക്‌ മുമ്പ് മികച്ച മത്സരം കളിച്ച ഒരു ടീം അതിന് ശേഷം ഇങ്ങനെ മോശമാകുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാനാണ് ഈ ടീമിന്റെ പരിശീലകൻ. പിഴവ് എന്റേതാണ്. ഞാനൊരിക്കലും ന്യായീകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയില്ല. ഞങ്ങൾ മോശമായാണ് കളിച്ചത്. തുടക്കത്തിൽ തന്നെ മോശമായാണ് കളിച്ചത്. പിന്നീട് അതിൽ മാറ്റം വരുത്താൻ ഞങ്ങൾക്ക്‌ സാധിച്ചതുമില്ല ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *