നെയ്മർ ബാഴ്സയിലേക്ക് എത്തുമോയെന്ന കാര്യത്തിൽ പ്രതികരിച്ച് ഡയറക്ടർ!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ റൂമറുകൾ ഒരിക്കൽ കൂടി സജീവമായിട്ടുണ്ട്. നെയ്മർ പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ. പിന്നീട് നെയ്മർ എഫ്സി ബാഴ്സലോണയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ സജീവമായി. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും പ്രതികരണങ്ങളുമാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സക്ക് നെയ്മറെ സൈൻ ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതുതന്നെയാണ് എഫ്സി ബാഴ്സലോണയുടെ ഡയറക്ടറായ മാത്യു അലെമെനി പറഞ്ഞിട്ടുള്ളത്.താരങ്ങളെ ഒഴിവാക്കുന്നതിലും പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിലുമാണ് ബാഴ്സ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. ഈ റൂമറുകൾ എല്ലാം ജേണലിസ്റ്റുകളുടെ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അലെമനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മറുടെ ഈ റൂമറുകൾ ജേണലിസ്റ്റുകളുടെ ഇഷ്യൂവാണ്.മറ്റുള്ളവരെക്കാൾ അവർക്കാണ് ഇത് ആവശ്യം. ഞങ്ങൾ നിലവിൽ ചില താരങ്ങളെ ഒഴിവാക്കുന്നതിലും പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ” ഇതാണ് ബാഴ്സ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഉയർന്ന സാലറിയാണ് നെയ്മർ പിഎസ്ജിയിൽ നിന്നും കൈപ്പറ്റുന്നത്. മാത്രമല്ല വലിയ രൂപത്തിലുള്ള ഒരു ട്രാൻസ്ഫർ ഫീയും പിഎസ്ജിക്ക് ബാഴ്സ നൽകേണ്ടിവരും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും കരകയറാത്ത ബാഴ്സക്ക് ഇതൊക്കെ വലിയ തടസ്സമാണ്.അതുകൊണ്ടുതന്നെ പ്രായോഗികമായി ചിന്തിക്കുകയാണെങ്കിൽ നെയ്മർ ബാഴ്സയിലേക്ക് എത്താനുള്ള സാധ്യത കുറവാണ്. അടുത്ത സീസണിലും നെയ്മർ പാരീസിൽ തന്നെ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *