നെയ്മർക്ക് ശേഷം ഇതാദ്യം,മിന്നും പ്രകടനവും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും,ഗാവി കാലുകളുള്ള ഹൃദയമാണെന്ന് സാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ സെവിയ്യയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,എറിക്ക് ഗാർഷ്യ എന്നിവരായിരുന്നു ബാഴ്സയുടെ ഗോളുകൾ നേടിയത്.

എന്നാൽ ഈ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയത് മധ്യനിരയിലെ യുവസൂപ്പർ താരമായ ഗാവിയായിരുന്നു.മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ഗാവി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. മത്സരത്തിലുടനീളം വളരെയധികം ഇന്റൻസിറ്റിയോട് കൂടി നിറഞ്ഞുകളിക്കുന്ന ഗാവിയെയാണ് സെവിയ്യക്കെതിരെ കാണാൻ സാധിച്ചിട്ടുള്ളത്.

മത്സരത്തിൽ ആകെ പത്ത് ഫൗളുകളിലാണ് ഗാവി തന്റെ പങ്കാളിത്തം അറിയിച്ചിട്ടുള്ളത്. 5 ഫൗളുകൾ ഗാവി വഴങ്ങിയപ്പോൾ 5 ഫൗളുകൾക്ക് താരം ഇരയാവുകയും ചെയ്തു. 2017 ൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ ബാഴ്സ സൂപ്പർതാരമായിരുന്ന നെയ്മർ 11 ഫൗളുകളിലായിരുന്നു പങ്കാളിത്തം അറിയിച്ചിരുന്നത്.അതിനുശേഷം ഇതാദ്യമായാണ് ഒരു ബാഴ്സ താരം 10 ഫൗളുകളിൽ പങ്കാളിയാവുന്നത്.

ഏതായാലും ഗാവിയെ പ്രശംസിച്ചുകൊണ്ട് പരിശീലകനായ സാവി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ഗാവി കാലുകളുള്ള ഒരു ഹൃദയമാണ് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. ബാഴ്സയുടെ അത്രയും പ്രധാനപ്പെട്ട താരമാണ് എന്നാണ് സാവി ഉദ്ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നത്തെ മത്സരത്തിലെ ഏറ്റവും മികച്ച താരം ഗാവിയായിരുന്നു. അദ്ദേഹത്തിന്റെ ഇന്റൻസിറ്റി അത്രയും ഉയർന്നതായിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടവും പാസുകളും ഹൈ പ്രെസ്സിങ്‌മൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. കാലുകളുള്ള ഒരു ഹൃദയമാണ് ഗാവി. അദ്ദേഹത്തിന്റെ പാഷനും തീവ്രതയും ഞങ്ങളെ ഒരുപാട് സഹായിക്കുന്നു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ഇതുവരെ ബാഴ്സ ലാലിഗയിൽ കളിച്ച നാല് മത്സരങ്ങളിലും ഗാവി ഇടം നേടിയിരുന്നു. ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന വിക്ടോറിയ പ്ലസനെതിരെയുള്ള മത്സരത്തിലും താരം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *