നെയ്മർക്ക് ആശംസകൾ :സാവി

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് പുതിയ ഒരു ചുവടുമാറ്റം നടത്തിയത്.പിഎസ്ജി വിട്ടുകൊണ്ട് അദ്ദേഹം സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്കാണ് എത്തിയിരിക്കുന്നത്. രണ്ട് വർഷക്കാലമാണ് നെയ്മർ ജൂനിയർ സൗദി അറേബ്യയിൽ ചിലവഴിക്കുക. ഒരു വലിയ വരവേൽപ്പാണ് അദ്ദേഹത്തിന് ഇപ്പോൾ റിയാദിൽ ലഭിച്ചിരിക്കുന്നത്.

നെയ്മർക്ക് ബാഴ്സയിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടായിരുന്നു.ബാഴ്സ മാനേജ്മെന്റിനും നെയ്മറെ തിരികെ കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പരിശീലകനായ സാവിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല.സാവി കാരണം നെയ്മറും ബാഴ്സയിലേക്ക് പോവേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.ഏതായാലും നെയ്മറെ സൈൻ ചെയ്യാനുള്ള ബാഴ്സയുടെ ശ്രമം പരാജയപ്പെട്ടതിനെ കുറിച്ച് സാവിയോട് പത്രസമ്മേളനത്തിൽ ചോദിച്ചിരുന്നു. ബാഴ്സ പരിശീലകന്റെ മറുപടി ഇങ്ങനെയാണ്.

” എന്റെ ടീമിൽ ഇല്ലാത്ത താരങ്ങളെ കുറിച്ചാണ് നിങ്ങൾ ഇപ്പോൾ എന്നോട് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്.എനിക്ക് അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല.നെയ്മർ ജൂനിയർക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. അതാണ് എനിക്കിപ്പോൾ പറയാൻ സാധിക്കുക ” ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞു.

നെയ്മർക്ക് മുന്നേ ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ വേണ്ടിയും ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ മെസ്സി ഇന്റർ മയാമിയിലേക്ക് പോകാനുള്ള തീരുമാനമെടുക്കുകയായിരുന്നു. നിലവിൽ മെസ്സിയും നെയ്മറും യൂറോപ്പ് വിട്ടു കഴിഞ്ഞു. മറ്റൊരു ബാഴ്സ സൂപ്പർതാരമായിരുന്ന സുവാരസും ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിന്റെ ഭാഗമല്ല.

Leave a Reply

Your email address will not be published. Required fields are marked *