നെയ്മറെ വെറുതെ വിടൂ, ബാഴ്സക്ക് മുന്നറിയിപ്പ് നൽകി ഖലീഫി!

സമ്മർ ട്രാൻസ്ഫർ വിൻഡോ അടുത്ത് വന്നതോടെ സൂപ്പർതാരം നെയ്മർ ജൂനിയറെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ വീണ്ടും സജീവമായിരിക്കുകയാണ്. താരത്തിനു വേണ്ടി എഫ്സി ബാഴ്സലോണ വീണ്ടും ശ്രമങ്ങളാരംഭിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ കാറ്റലൂണിയ റേഡിയോ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരുന്നു. മെസ്സിയെയും നെയ്മറേയും ഒരിക്കൽക്കൂടി ഒരുമിപ്പിക്കാനാണ് നിലവിൽ ബാഴ്സ പദ്ധതിയിടുന്നത് എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുവേണ്ടിയുള്ള ചരടുവലികൾ ബാഴ്സ അധികൃതർ തുടങ്ങിയിരുന്നു. ബാഴ്സയുടെ പുതിയ പ്രസിഡന്റായ ജോയൻ ലാപോർട്ടയുടെ നേതൃത്വത്തിലാണ് ഈ നീക്കം ആരംഭിച്ചത്. ലാപോർട്ട നിയമിച്ച ഒരു സമിതി നെയ്മറെ തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

എന്നാൽ ഈ നീക്കങ്ങളെ മുളയിലേ നുള്ളിയിരിക്കുകയാണ് പിഎസ്ജി പ്രസിഡന്റ്‌ ആയ നാസർ അൽ ഖലീഫി. നെയ്മറെ വിട്ടുതരാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നും താരത്തെ വെറുതെ വിടൂ എന്നുള്ള മുന്നറിയിപ്പുമാണ് ഖലീഫി ബാഴ്സക്കും ലാപോർട്ടക്കും നൽകിയിട്ടുള്ളത്. എഎസ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നാസർ അൽ ഖലീഫി തന്നെ ഇക്കാര്യം നേരിട്ട് ബാഴ്സ അധികൃതരെ അറിയിച്ചതായാണ് വാർത്തകൾ. നിലവിൽ 2022 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായുള്ള കരാർ അവശേഷിക്കുന്നത്. താരം കരാർ പുതുക്കാത്തതിനാൽ നെയ്മർ ബാഴ്സയിലേക്ക് മടങ്ങുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളികൊണ്ടാണ് ഖലീഫി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. നെയ്മർ പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *