നെയ്മറുടെ പാത പിന്തുടർന്നെത്തി,റൊണാൾഡീഞ്ഞോ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാൻ സാധിച്ചാൽ ഹാപ്പിയാവും : റാഫീഞ്ഞ

ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ ലീഡ്സ് യുണൈറ്റഡിൽ നിന്നും സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ് സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ബാഴ്സക്ക് വേണ്ടി ഇന്റർ മിയാമിക്കെതിരെ അരങ്ങേറ്റം കുറിച്ച താരം മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.45 മിനിട്ട് മാത്രം കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റും കരസ്ഥമാക്കിയിരുന്നു.

ഏതായാലും ബാഴ്സയിൽ എത്താനുള്ള കാരണങ്ങളെക്കുറിച്ച് റാഫീഞ്ഞ ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.നെയ്മറെ പോലെയുള്ള താരങ്ങളെ പിന്തുടർന്നു കൊണ്ടാണ് താൻ ബാഴ്സയിൽ എത്തിയതെന്നും റൊണാൾഡീഞ്ഞോ ബാഴ്സയിൽ ചെയ്തതിന്റെ പകുതിയെങ്കിലും തനിക്ക് ചെയ്യാൻ സാധിച്ചാൽ താൻ ഹാപ്പിയാകുമെന്നുമാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്ക് ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു.ബാഴ്സ നൽകിയതിനെക്കാളും മികച്ച ഓഫറുകൾ വന്നിരുന്നു. പക്ഷേ താൻ ബാഴ്സയിലേക്ക് മാത്രമേ പോവുകയുള്ളൂ എന്നുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ബാഴ്സയിൽ തിളങ്ങുന്ന മറ്റൊരു ബ്രസീലിയൻ ആവുക എന്നുള്ളതാണ് എന്റെ ആഗ്രഹം.നെയ്മർ,റൊണാൾഡീഞ്ഞോ,ഡെക്കോ,ഡാനി ആൽവസ് എന്നിവരെപ്പോലെയുള്ള താരങ്ങളെയാണ് ഞാൻ പിന്തുടർന്നത്. ഇത് എന്റെ കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്നമാണ്. ബാഴ്സയിൽ ചരിത്രം കുറിച്ച ഇതിഹാസമാണ് റൊണാൾഡീഞ്ഞോ.അദ്ദേഹം നേടിയതിന്റെ പകുതിയെങ്കിലും നേടാൻ കഴിഞ്ഞാൽ ഞാൻ ഹാപ്പിയായിരിക്കും. എന്റേതായ രൂപത്തിലുള്ള ചരിത്രം കുറിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

ഇനി ബാഴ്സയുടെ അടുത്ത മത്സരം എൽ ക്ലാസിക്കോയാണ്.റാഫീഞ്ഞ ഈ മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *