നീണ്ട കാലം ബാഴ്‌സയുടെ പരിശീലകനായി തുടരണം : കൂമാൻ!

കഴിഞ്ഞ സീസണിലായിരുന്നു എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ ചുമതലയേറ്റത്. നിരവധി പ്രതിസന്ധികൾക്കിടയിലും ബാഴ്‌സക്ക്‌ കോപ്പ ഡെൽ റേ നേടികൊടുക്കാൻ കൂമാന് സാധിച്ചിരുന്നു. ഈ സീസണിന് ശേഷമാണ് കൂമാന്റെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കുക. പ്രതിസന്ധികൾ തന്നെയാണ് ഈ സീസണിലും കൂമാന് കൂട്ടിനുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും അന്റോയിൻ ഗ്രീസ്മാനും ക്ലബ് വിട്ടിരുന്നു. ഏതായാലും തന്റെ ബാഴ്‌സയുമായുള്ള കരാർ പുതുക്കാൻ തയ്യാറാണെന്നും ഇനിയും ഒരുപാട് വർഷങ്ങൾ ബാഴ്‌സയുടെ പരിശീലകാനായി തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ബാഴ്‌സയുടെ പരിശീലകനായ കൂമാൻ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞാൻ എന്റെ കരാർ പുതുക്കാൻ തയ്യാറാണ്.ഇനിയും ഒരുപാട് വർഷങ്ങൾ ബാഴ്സയുടെ പരിശീലകനായി തുടരാൻ എനിക്ക് ആഗ്രഹമുണ്ട്.പല വിധ പ്രതിസന്ധികളിലൂടെയാണ് ക്ലബ് കടന്നു പോവുന്നതെങ്കിലും ക്ലബ് കൈകൊണ്ട തീരുമാനങ്ങൾ ഒക്കെ ശരിയാണ് എന്നാണ് ഞാൻ കരുതുന്നത്.നാലോ അഞ്ചോ വർഷം കൂടി ഇവിടെ പരിശീലകനായി തുടരാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അതിനേക്കാളുമൊക്കെ മുകളിൽ, ഞാൻ സ്വയം പരിഗണിക്കുന്നത് ഒരു ക്ലബ്‌ മാൻ ആയിട്ടാണ്.ഞാൻ എവിടെയാണോ ആ ക്ലബ്ബിനെ സഹായിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു.ക്ലബ്ബിന്റെ നല്ലതിന് വേണ്ടി ഒരു വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവാതെ ഇമ്പ്രൂവ് ആക്കാനുള്ള മാർഗങ്ങളാണ് നിലവിൽ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് ” ഇതാണ് കൂമാൻ പറഞ്ഞത്.

ലാലിഗയിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബാഴ്‌സ നിലവിൽ നാലാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബയേണിനെയാണ് കൂമാനും സംഘവും നേരിടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *