നിങ്ങളെന്റെ പ്ലാനുകളിൽ ഇല്ല: നാല് ബാഴ്സ താരങ്ങളോട് സാവി!

എഫ്സി ബാഴ്സലോണയെ സംബന്ധിച്ചെടുത്തോളം അവർ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു സീസണാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, ഒരുപിടി തോൽവികൾ ഈ സീസണിൽ ബാഴ്സ വഴങ്ങുകയും ചെയ്തിരുന്നു.

ഏതായാലും അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുടെ പരിശീലകനായ സാവിയുള്ളത്. അതുകൊണ്ടുതന്നെ ചില താരങ്ങളെ ഒഴിവാക്കാൻ ഇപ്പോൾ സാവി തീരുമാനിച്ചിട്ടുണ്ട്. ബാഴ്സയിലെ നാല് താരങ്ങളോട് സാവി തന്റെ പ്ലാനുകളിൽ ഇടമില്ല എന്നുള്ളത് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓസ്‌ക്കാർ മിങ്കെസ,റിക്കി പുജ്,സാമുവൽ ഉംറ്റിറ്റി,മാർട്ടിൻ ബ്രയിത്ത്‌വെയിറ്റ് എന്നിവരോടാണ് സാവി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ ഈ നാലു താരങ്ങളും ബാഴ്സ വിടാൻ സാധ്യതയുണ്ട്.സാവി പരിശീലകനായി എത്തിയതിനുശേഷം ഈ നാല് താരങ്ങൾക്കും വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ.

അടുത്ത പ്രീ സീസൺ ആരംഭിക്കാൻ ഇനി ആറ് ആഴ്ചയോളം ബാക്കിയുണ്ട്. ഇതിനുള്ളിൽ ഈ താരങ്ങൾ തങ്ങളുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തേക്കും.അതേസമയം ഗോൾകീപ്പർ നെറ്റോ, മുന്നേറ്റനിര താരമായ അഡമ ട്രയോറെ,ലൂക്ക് ഡി യോങ് എന്നിവരെയും സാവിക്ക് നിലനിർത്താൻ താല്പര്യമില്ലെന്നും അറിയാൻ കഴിയുന്നുണ്ട്. ഏതായാലും അടുത്ത സീസണിലേക്കുള്ള ടീമിൽ സാവി വലിയ അഴിച്ചുപണികൾ നടത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *