നിക്കോ വില്യംസിനെ ഹഗ് ചെയ്ത് പറഞ്ഞതെന്ത്? ഫ്ലിക്ക് വെളിപ്പെടുത്തുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ അത്ലറ്റിക്ക് ബിൽബാവോയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലാമിൻ യമാൽ, റോബർട്ട് ലെവന്റോസ്ക്കി എന്നിവരാണ് ബാഴ്സലോണക്ക് വേണ്ടി ഗോളുകൾ നേടിയത്.തുടർച്ചയായി രണ്ടാം വിജയം നേടിയ ബാഴ്സ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

ഈ മത്സരത്തിൽ നിക്കോ വില്യംസ് അത്ലറ്റിക്കിന് വേണ്ടി കളിച്ചിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ ഏറ്റവും കൂടുതൽ കൊണ്ടുവരാൻ ശ്രമിച്ചത് നിക്കോക്ക് വേണ്ടിയായിരുന്നു.പക്ഷേ ഒടുവിൽ താരം അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. മത്സരശേഷം ബാഴ്സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് നിക്കോയെ ഹഗ് ചെയ്യുകയും ചില കാര്യങ്ങൾ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. എന്താണ് താരത്തോട് പറഞ്ഞതെന്ന് മാധ്യമങ്ങൾ ഫ്ലിക്കിനോട് തേടിയിരുന്നു.അഭിനന്ദനങ്ങൾ മാത്രമാണ് താൻ പറഞ്ഞത് എന്നാണ് ബാഴ്സ പരിശീലകൻ നൽകിയ മറുപടി.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“യൂറോ കിരീടം നേടിയതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ഹഗ് നൽകിയത്.നിക്കോ വില്യംസ് ഇപ്പോൾ മറ്റൊരു ക്ലബ്ബിന്റെ താരമാണ്. അതുകൊണ്ടുതന്നെ താരത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.

നിലവിൽ മുന്നേറ്റ നിരയിലേക്ക് ആരെയും പുതുതായി കൊണ്ടുവരാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല.ലിയാവോ,കിയേസ എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നുവെങ്കിലും പുരോഗതികൾ ഒന്നും ഉണ്ടായിട്ടില്ല.ഈ സമ്മറിൽ ഡാനി ഒൽമോയെ മാത്രമാണ് ബാഴ്സലോണ പുതുതായി സൈൻ ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാൻ തന്നെ ഇതുവരെ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ഇനി കൂടുതൽ സൈനിങ്ങുകൾ നടക്കാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *