നിക്കോയേയും മറ്റൊരു സ്പാനിഷ് സൂപ്പർ താരത്തെയും കൊണ്ടുവരണം, കാര്യങ്ങൾ അതിവേഗത്തിലാക്കി ബാഴ്സ!
ഇപ്പോൾ അവസാനിച്ച യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തി കൊണ്ടാണ് സ്പെയിൻ കിരീടം നേടിയത്. അതിൽ വലിയ പങ്കുവഹിക്കാൻ ബാഴ്സലോണയുടെ യുവ പ്രതിഭയായ ലാമിൻ യമാലിന് സാധിച്ചിരുന്നു. ഒരു ഗോളും നാല് അസിസ്റ്റുമായിരുന്നു അദ്ദേഹം നേടിയിരുന്നത്. കൂടാതെ സ്പാനിഷ് സൂപ്പർതാരങ്ങളായ നിക്കോ വില്യംസ്,ഡാനി ഒൽമോ എന്നിവരും തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.
ഈ രണ്ടു താരങ്ങളെയും ഉടൻ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബാഴ്സയുള്ളത്.നിക്കോ വില്യംസിന് വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ നേരത്തെ തുടങ്ങിയിരുന്നു. മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ ബിൽബാവോക്ക് വേണ്ടിയാണ് ഇപ്പോൾ നിക്കോ കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തെ സൈൻ ചെയ്യാനുള്ള കപ്പാസിറ്റി തങ്ങൾക്കുണ്ട് എന്നത് ബാഴ്സ പ്രസിഡന്റായ ലാപോർട്ട നേരത്തെ വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇപ്പോൾ ബാഴ്സ അതിവേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
ബാഴ്സയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ഡെക്കോ നിക്കോയുടെ ഏജന്റുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. താരത്തിന് ബാഴ്സയിലേക്ക് വരാൻ തന്നെയാണ് താല്പര്യം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ചെൽസി,ആഴ്സണൽ എന്നിവർ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും വലിയ ഒരു തുക തന്നെ അത്ലറ്റിക്കോ ബിൽബാവോ താരത്തിനായി ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
അതേസമയം ഡാനി ഒൽമോ നിലവിൽ ജർമൻ ക്ലബ്ബായ RB ലെയ്പ്സിഗിന്റെ താരമാണ്. അദ്ദേഹത്തിന് വേണ്ടിയുള്ള ശ്രമങ്ങളും ബാഴ്സലോണ ഇപ്പോൾ നടത്തുന്നുണ്ട്.യൂറോ കപ്പിലെ മികച്ച പ്രകടനമാണ് ഈ രണ്ടു താരങ്ങൾക്കും തുണയായിട്ടുള്ളത്.നിക്കോ വില്യംസിനാണ് ബാഴ്സലോണ മുൻഗണന നൽകുന്നത്. എന്നിരുന്നാലും രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തന്നെയാണ് ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്.