നാലു താരങ്ങളുടെ കരാർ അവസാനിക്കാനിരിക്കുന്നു, നിലപാട് വ്യക്തമാക്കാതെ റയൽ മാഡ്രിഡ്‌ !

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിന്റെ നാലു സൂപ്പർ താരങ്ങളുടെ കരാർ അവസാനിക്കാനിരിക്കുകയാണ്. നായകനും പ്രതിരോധനിരയിലെ നിറസാന്നിധ്യവുമായ സെർജിയോ, ബാലൺ ഡിയോർ ജേതാവായ മധ്യനിര താരം ലുക്കാ മോഡ്രിച്ച്, ലുക്കാസ് വാസ്‌ക്കസ്, നാച്ചോ ഫെർണാണ്ടസ് എന്നീ താരങ്ങളുടെ കരാറാണ് അവസാനിക്കാനിരിക്കുന്നത്. എന്നാൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ നീക്കങ്ങളും ഇതുവരെ റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഈ താരങ്ങളുടെ കാര്യത്തിലുള്ള നിലപാട് ഇതുവരെ റയൽ മാഡ്രിഡ്‌ വ്യക്തമാക്കിയിട്ടുമില്ല. സൂപ്പർ താരം സെർജിയോ റാമോസിന് അടുത്ത മാർച്ചിൽ മുപ്പത്തിയഞ്ച് വയസ്സ് പൂർത്തിയാവും. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. താരത്തിന് രണ്ടു വർഷത്തേക്ക് കൂടി കരാർ പുതുക്കണമെന്നാണ് ആഗ്രഹം. എന്നാൽ ഒരു വർഷത്തേക്ക്‌ മതിയോ അതോ രണ്ടു വർഷത്തേക്ക് നൽകണോ എന്നുള്ളത് റയൽ മാഡ്രിഡ്‌ ഇതുവരെ തീരുമാനിച്ചിട്ടില്ല. മാത്രമല്ല പിഎസ്ജിയുൾപ്പെടുന്ന വമ്പൻ ക്ലബുകൾ താരത്തിന് പിന്നാലെയുമുണ്ട്.

നിലവിൽ റയലിനെ അവിഭാജ്യഘടകമാണ് റാമോസ്. അത്കൊണ്ട് തന്നെ റയൽ താരത്തെ വിടില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മറ്റൊരു താരം മോഡ്രിച്ചാണ്. ക്ലബ്ബിൽ തന്നെ തുടരണമെന്നും കരാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ റയൽ മാഡ്രിഡ്‌ ഇതിനോട് പ്രതികരിച്ചിട്ടില്ല. മറ്റൊരു താരമായ ലുക്കാസ് വാസ്ക്കസിനെ റയൽ വിട്ടുകളഞ്ഞേക്കുമെന്ന് കിംവദന്തികൾ ഉണ്ട്. പക്ഷെ റയൽ ഇക്കാര്യം അറിയിച്ചിട്ടില്ല. ഇത്പോലെ തന്നെയാണ് നാച്ചോയുടെ കാര്യവും കരിയറിന്റെ ഭൂരിഭാഗം സമയവും റയൽ മാഡ്രിഡിൽ ചിലവഴിച്ച താരമാണ് നാച്ചോ. അവസരങ്ങൾ കുറവായിട്ടും താരം റയൽ മാഡ്രിഡിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ 2021-ൽ കരാർ അവസാനിക്കും. താരത്തിന്റെ ഭാവിയെ കുറിച്ചും റയൽ തീരുമാനം എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *