നാലാം സൈനിങ്, ഡീപേ ഇനി ബാഴ്‌സക്ക് സ്വന്തം!
ഡച്ച് സൂപ്പർ സ്‌ട്രൈക്കർ മെംഫിസ് ഡീപേയെ തങ്ങൾ തട്ടകത്തിലെത്തിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് എഫ്സി ബാഴ്സലോണ. ഇന്നലെയാണ് ബാഴ്‌സ ഡീപേയെ സൈൻ ചെയ്ത വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. രണ്ടു വർഷത്തെ കരാറിലാണ് താരം നിലവിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഒളിമ്പിക് ലിയോൺ താരമായ ഡീപേ ഫ്രീ ഏജന്റായിരുന്നു. ഇതോടെ ഈ ട്രാൻസ്ഫർ ജാലകത്തിൽ നാല് താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞു. ഡീപേക്ക് പുറമേ അഗ്വേറോ, എറിക് ഗാർഷ്യ, എമെഴ്സൺ എന്നിവർ ബാഴ്‌സയിൽ എത്തിയിരുന്നു.27-കാരനായ താരം 2022/23 സീസൺ വരെ ടീമിനോടൊപ്പമുണ്ടാവുമെന്നാണ് ബാഴ്‌സ അറിയിച്ചത്.
Dream big kid.. Dream big.
— Memphis Depay (@Memphis) June 19, 2021
Super excited to join my new club! @fcbarcelona
👉🏽🦁👈🏽 𝑮𝒐𝒅’𝒔 𝒑𝒍𝒂𝒏 pic.twitter.com/WnV1ufoBYw
പിഎസ്‌വിയിലൂടെ വളർന്നു വന്ന താരം പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചെക്കറിയിരുന്നു. എന്നാൽ അവിടെ തിളങ്ങാൻ കഴിയാതെ വന്നതോടെ താരം 2017-ൽ ലിയോണിൽ എത്തുകയായിരുന്നു.ഈ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ഡീപേ കാഴ്ച്ചവെച്ചത്.20 ഗോളുകളും 12 അസിസ്റ്റുകളും താരം ലിയോണിന് വേണ്ടി നേടിയിരുന്നു.നിലവിൽ യൂറോയിൽ കളിക്കുന്ന ഹോളണ്ടിനൊപ്പമാണ് താരം. ഒരു ഗോൾ ഡീപേ നേടിക്കഴിഞ്ഞു.ബാഴ്‌സയുടെ നിലവിലെ പരിശീലകൻ റൊണാൾഡ് കൂമാന്റെ കീഴിൽ ഹോളണ്ടിന് വേണ്ടി മുമ്പ് ഡീപേ കളിച്ചിരുന്നു.