നല്ല നേതൃത്വം വരണം, ബാഴ്സയുടെ അവസ്ഥകൾ പരിതാപകരമെന്ന് കൂമാൻ !

കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിൽ ഒന്നാണ് എഫ്സി ബാഴ്സലോണ. പ്രത്യേകിച്ച് സാമ്പത്തികപരമായി ബാഴ്‌സക്ക്‌ വളരെ വലിയ തിരിച്ചടിയാണ് ഏൽക്കേണ്ടി വന്നത്. അതിനെ തുടർന്ന് ബാഴ്‌സ സാലറി കട്ട്‌ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഏകദേശം 122 മില്യൺ യൂറോയോളമാണ് ഇത് വഴി ബാഴ്‌സക്ക്‌ സേവ് ചെയ്യാൻ സാധിക്കുക. ഏതായാലും നിലവിൽ ബാഴ്‌സയുടെ സാമ്പത്തികപരമായ അവസ്ഥകൾ വളരെ പരിതാപകരമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ കൂമാൻ. കഴിഞ്ഞ ദിവസം മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. എന്നാൽ നല്ലൊരു നേതൃത്വമുണ്ടായാൽ ഇതിനെ മറികടന്നു കൊണ്ടു വിജയശ്രീലാളിതരാവാൻ സാധിക്കുമെന്നും കൂമാൻ കൂട്ടിച്ചേർത്തു.

” ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി വളരെ സങ്കീർണമായ, പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. കാരണം ഒന്നും തന്നെ ഞങ്ങളുടെ കയ്യിൽ ഇല്ല. പക്ഷെ ഞാൻ എപ്പോഴും പറയാറുണ്ട്, വളരെയധികം ശാന്തതയോടെയും സമചിത്തതയോടെയും ഇത് കൈകാര്യം ചെയ്താൽ മെച്ചപ്പെടും. ഏതൊരു ടീം ആയാലും നല്ലൊരു നേതൃത്വമാണ് വേണ്ടത്. നിലവിൽ ബാഴ്‌സക്ക്‌ നല്ലൊരു നേതൃത്വം ആവിശ്യമുണ്ട് ” കൂമാൻ പറഞ്ഞു. 217 മില്യൺ യൂറോയായിരുന്നു 2019 ജൂണിൽ എഫ്സി ബാഴ്സലോണയുടെ കടം. എന്നാൽ 2020 ജൂണിൽ അത്‌ 488 മില്യൺ യൂറോയായി ഉയരുകയായിരുന്നു. ഏതായാലും പുതിയ പ്രസിഡന്റും ബോർഡും വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *