തോറ്റു എന്നത് ശരിയാണ്,പക്ഷേ..:റാഫീഞ്ഞ പറയുന്നു!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോ അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിരോധനിരതാരമായ എറിക് ഗാർഷ്യ റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയായിരുന്നു.അത് ശരിക്കും ബാഴ്സലോണക്ക് തിരിച്ചടിയായി. ബാഴ്സയുടെ ഏക ഗോൾ നേടിയത് യുവ സൂപ്പർ താരമായ ലാമിൻ യമാലാണ്.
10 പേരായി ചുരുങ്ങിയത് കൊണ്ട് തന്നെ വേണ്ടത്ര ആക്രമണങ്ങൾ സംഘടിപ്പിക്കാൻ ബാഴ്സലോണക്ക് ഈ മത്സരത്തിൽ കഴിഞ്ഞിട്ടില്ല.കേവലം ഒരു ഷോട്ട് മാത്രമാണ് ടാർഗറ്റിലേക്ക് അവർ ഉതിർത്തിട്ടുള്ളത്. ഏതായാലും ഈ തോൽവിയെക്കുറിച്ച് സൂപ്പർ താരം റാഫീഞ്ഞ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ പോസിറ്റീവ് ആയി കൊണ്ട് തന്നെ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.റാഫിഞ്ഞയുടെ വാക്കുകൾ ഇങ്ങനെയാണ്.
” വിജയിക്കാൻ ആവശ്യമായ എല്ലാതും തന്നെ ഞങ്ങൾ ഈ മത്സരത്തിൽ ഞങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷേ ഓരോ താരം ഇല്ലാതെയാണ് ഞങ്ങൾ ഇതെല്ലാം ചെയ്തിട്ടുള്ളത്.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരാജയപ്പെട്ടു എന്നുള്ളത് ശരിയാണ്. പക്ഷേ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഒരു പോസിറ്റീവ് ആയിട്ട് അവസാനിപ്പിക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. തീർച്ചയായും ഞങ്ങൾ ഒരു മികച്ച ടീം തന്നെയാണ് ” ഇതാണ് റാഫിഞ്ഞ പറഞ്ഞിട്ടുള്ളത്.
ലാലിഗയിൽ 5 മത്സരങ്ങൾ കളിച്ച ബാഴ്സലോണ അഞ്ചു മത്സരങ്ങളിലും വിജയിച്ചിരുന്നു.17 ഗോളുകളും നേടിയിരുന്നു.അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ ഒരു അനായാസ വിജയം ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. ഗോൾകീപ്പർ ടെർസ്റ്റീഗന്റെ ഒരു വലിയ അബദ്ധമാണ് ഈ തോൽവിക്ക് കാരണമായത് എന്ന് തന്നെ പറയേണ്ടിവരും.