തെറ്റ് രണ്ടുപേരുടെയുമാണെന്ന് ടെർസ്റ്റീഗൻ,മറ്റുള്ളവരുടെ തലയിലിടാൻ പ്രത്യേക മിടുക്കാണെന്ന് ഫോന്റസ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോ ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എറിക് ഗാർഷ്യ റെഡ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. അതാണ് യഥാർത്ഥത്തിൽ ബാഴ്സലോണയെ തോൽവിയിലേക്ക് തള്ളിയിട്ടത്.
യഥാർത്ഥത്തിൽ അത് ബാഴ്സ ഗോൾകീപ്പറായ ടെർസ്റ്റീഗന്റെ പിഴവാണ്. ഇരുവശങ്ങളിലും രണ്ട് ബാഴ്സലോണ ഡിഫൻഡർമാർ ഫ്രീയായി നിൽക്കുന്ന സമയത്ത് ടൈറ്റ് പൊസിഷനിൽ നിൽക്കുന്ന ഗാർഷ്യക്ക് ടെർസ്റ്റീഗൻ പാസ് നൽകുകയായിരുന്നു.അത് തികച്ചും തെറ്റായ ഒരു തീരുമാനമായിരുന്നു. എന്നാൽ മിസ്റ്റേക്ക് രണ്ടുപേരുടെയുമാണ് എന്നാണ് ടെർസ്റ്റീഗൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ആ സമയത്ത് എറിക്കുമായി നടത്തിയ ആശയവിനിമയങ്ങളിൽ ഒരു തടസ്സം നേരിട്ടിരുന്നു.അദ്ദേഹത്തിന്റെ കാര്യത്തിൽ സങ്കടമുണ്ട്. 80 മിനിറ്റോളം 10 പേരുമായി കളിക്കേണ്ടി വന്നു എന്നുള്ളത് വളരെ വേദനാജനകമായ ഒരു കാര്യമാണ്. പക്ഷേ ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ സംഭവിക്കുന്നതാണ് ‘ ഇതാണ് ബാഴ്സ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
എന്നാൽ ബാഴ്സലോണ ആരാധകർ കടുത്ത പ്രതിഷേധമാണ് ഈ ഗോൾകീപ്പർക്കെതിരെ ഉയർത്തുന്നത്.അത് പൂർണ്ണമായും ഗോൾകീപ്പറുടെ മാത്രം തെറ്റാണ് എന്നാണ് പലരും ആരോപിക്കുന്നത്. പ്രമുഖ മാധ്യമപ്രവർത്തകനും ഫുട്ബോൾ നിരീക്ഷകനുമായ ജോൺ ഫോന്റസ് ഇക്കാര്യത്തിൽ ടെർ സ്റ്റീഗനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ കൂടി പ്രതിചേർക്കാൻ ടെർ സ്റ്റീഗൻ മിടുക്കനാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.ഫോന്റസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സംഭവിച്ചത് രണ്ടുപേരുടെയും തെറ്റാണ് ടെർസ്റ്റീഗൻ പറഞ്ഞിട്ടുള്ളത്. പക്ഷേ അത് ടെർസ്റ്റീഗന്റെ പിഴവാണ്.അദ്ദേഹത്തിന്റെ മാത്രം പിഴവാണ്. മറ്റൊരാളെ അതിൽ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല “ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ഏതായാലും ബാഴ്സ ആരാധകരിൽ നിന്ന് തന്നെ സമീപകാലത്ത് വലിയ വിമർശനങ്ങൾ ടെർസ്റ്റീഗന് നേരിടേണ്ടി വരുന്നുണ്ട്. അദ്ദേഹത്തിന്റെ മോശം പ്രകടനം പലപ്പോഴും ബാഴ്സക്ക് തടസ്സമാവുകയാണ് ചെയ്യുന്നത്. അദ്ദേഹത്തെ ഒഴിവാക്കണമെന്നുള്ള ആവശ്യവും ബാഴ്സ ആരാധകർ തന്നെ ഉയർത്തി തുടങ്ങിയിട്ടുണ്ട്.