തിരിഞ്ഞു നോക്കിയില്ല,ഗുണ്ടോഗനോട് മാപ്പ് പറഞ്ഞ് ബാഴ്സ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർ താരമായിരുന്ന ഇൽകെയ് ഗുണ്ടോഗൻ ബാഴ്സലോണയിലേക്ക് എത്തിയത്. മോശമല്ലാത്ത രൂപത്തിൽ ഇതുവരെ ബാഴ്സയ്ക്ക് വേണ്ടി കളിക്കാൻ ഈ മധ്യനിര താരത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ഗോൾ നേടിയിരുന്നത് ഗുണ്ടോഗനായിരുന്നു. പക്ഷേ മത്സരത്തിൽ റയൽ മാഡ്രിഡായിരുന്നു വിജയിച്ചിരുന്നത്.

എന്നാൽ ബാഴ്സയോട് ചില കാര്യങ്ങൾ കടുത്ത അസംതൃപ്തി ഗുണ്ടോഗന് ഉണ്ടായിരുന്നു. അതായത് ബാഴ്സയിലേക്ക് എത്തിയതിനുശേഷം പല കാര്യങ്ങളിലും ക്ലബ്ബ് ഈ താരത്തെ സഹായിച്ചിരുന്നില്ല. ബാഴ്സ തങ്ങളെ ഉപേക്ഷിച്ചത് പോലെയാണ് ഗുണ്ടോഗനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുഭവപ്പെട്ടിരുന്നത്. അതായത് പുതിയ നഗരത്തിൽ സെറ്റിലാവാൻ വേണ്ട യാതൊരുവിധ സഹായസഹകരണങ്ങളും ബാഴ്സ നൽകിയിരുന്നില്ല. ഇതിന്റെ ഫലമായി വീടിന്റെ കാര്യത്തിലും ഗതാഗതത്തിന്റെ കാര്യത്തിലുമൊക്കെ വലിയ ബുദ്ധിമുട്ടുകൾ ഈ സൂപ്പർതാരത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുഭവിക്കേണ്ടിവന്നു.

ഇക്കാര്യം ഗുണ്ടോഗൻ ക്ലബ്ബിനെ അറിയിക്കുകയായിരുന്നു.ബാഴ്സലോണക്ക് ഒരു പരാതി താരം തന്നെ നൽകിയിരുന്നു. ഈ വിഷയത്തിൽ തെറ്റുകൾ പറ്റി എന്ന് മനസ്സിലാക്കിയ ബാഴ്സ ഗുണ്ടോഗനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരു അപ്പോളജി ലെറ്റർ അദ്ദേഹത്തിനും കുടുംബത്തിനും ബാഴ്സലോണയിൽ നിന്നും ലഭിച്ചു എന്നാണ് പുറത്തേക്ക് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗുണ്ടോഗന് മാത്രമല്ല, മറ്റു ചില താരങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്.ഏതായാലും കഴിഞ്ഞ ക്ലാസിക്കോ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗുണ്ടോഗൻ ബാഴ്സലോണയെ വിമർശിച്ചിരുന്നു. താരങ്ങളുടെ മെന്റാലിറ്റിയെ ആയിരുന്നു ഈ ജർമ്മൻ താരം വിമർശിച്ചിരുന്നത്. അടുത്ത മത്സരത്തിൽ റയൽ സോസിഡാഡിനെയാണ് ബാഴ്സലോണ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *