താരങ്ങൾ സ്വയം മോചിതരായി, ഇതൊരു പുതിയ തുടക്കം : സാവി പറയുന്നു
ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സ വിജയം നേടിയത്.റോബർട്ട് ലെവന്റോസ്‌ക്കി,ഗാവി,പെഡ്രി എന്നിവരാണ് ഈ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. പരിശീലകനായ സാവിക്ക് കീഴിൽ ആദ്യ കിരീടം നേടാനും ഇപ്പോൾ ബാഴ്സ സാധിച്ചിട്ടുണ്ട്.
ഏതായാലും ഈ കിരീട നേട്ടത്തിന് ശേഷം സാവി തന്റെ താരങ്ങളെ പ്രശംസിച്ചിട്ടുണ്ട്. അനർഹമായ വിമർശനങ്ങളിൽ നിന്നും സ്വയം മോചിതരാവാൻ താരങ്ങൾക്ക് കഴിഞ്ഞു എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഇതൊരു പോസിറ്റീവ് ഡൈനാമിക്കായിട്ടുള്ള പുതിയൊരു തുടക്കമാണെന്നും സാവി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Your new favorite pic pic.twitter.com/pN9a3LXzX5
— FC Barcelona (@FCBarcelona) January 15, 2023
” അനർഹമായ ഒരുപാട് വിമർശനങ്ങൾ ഞങ്ങളുടെ സ്‌ക്വാഡിന് ലഭിച്ചിരുന്നു.പക്ഷേ ഇപ്പോൾ താരങ്ങൾ എല്ലാവരും ആ വിമർശനങ്ങളിൽ നിന്നും സ്വയം മോചിതരായിട്ടുണ്ട്. ഇനി കൂടുതൽ ശാന്തരായി കൊണ്ട് വർക്ക് ചെയ്യാൻ അവർക്ക് സാധിക്കും.ഞാൻ ഒരുപാട് വർഷമായി ഇവിടെയുണ്ട്. കാര്യങ്ങൾ നല്ല രൂപത്തിൽ മുന്നോട്ടു പോകുന്നില്ലെങ്കിൽ താരങ്ങൾ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോവുക എന്നുള്ളത് എനിക്ക് നന്നായി അറിയാം. ഇന്ന് ഒരു പുതിയ പോസിറ്റീവ് ഡൈനാമിക്കിന്റെ തുടക്കമാണ് ” ഇതാണ് ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്.
റയലിനെതിരെ മികച്ച പ്രകടനം നടത്തി കൊണ്ടാണ് ബാഴ്സ കിരീടം നേടിയിട്ടുള്ളത്. ലാ ലിഗയിലും ബാഴ്സ ഒന്നാം സ്ഥാനത്താണ്.യുവേഫ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ബാഴ്സയുടെ എതിരാളികൾ.