തന്റെ ഭാവി തുലാസിൽ, തുറന്ന് സമ്മതിച്ച് കൂമാൻ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ലെവാന്റെയോട് ബാഴ്‌സ സമനിലയിൽ കുരുങ്ങിയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ബാഴ്സ പിന്നീട് 3-3 എന്ന സ്കോറിനാണ് സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന് ശേഷം ബാഴ്‌സ പരിശീലകൻ കൂമാന് ഏറെ വിമർശനങ്ങൾക്ക് വിധേയമാവേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് അദ്ദേഹം നടത്തിയ മാറ്റങ്ങളാണ് മത്സരത്തിലെ തോൽവിക്ക് കാരണം എന്നാണ് പലരും ആരോപിച്ചിരുന്നത്. ഏതായാലും ഇന്നലത്തെ മത്സരത്തോടെ തന്റെ ഭാവി സംശയത്തിലായി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ. മത്സരത്തിലെ രണ്ടാം പകുതിയിലെ പ്രകടനം അപ്രതീക്ഷിതമായിരുന്നുവെന്നും അതിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുവെന്നും അത്‌ തന്റെ ഭാവിയെ സംശയത്തിലാക്കുമെന്നുമാണ് കൂമാൻ തുറന്നു പറഞ്ഞത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പരിശീലകർ എപ്പോഴും ചോദ്യം ചെയ്യപ്പെടും. മത്സരത്തിലെ രണ്ടാം പകുതിക്ക് ശേഷം എനിക്കും ചോദ്യങ്ങൾ നേരിടേണ്ടി വരും എന്നറിയാം. അത്‌ എന്റെ ഭാവിയെ സംശയത്തിലാക്കും.രണ്ടാം പകുതി തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഇനിയിപ്പോൾ അടുത്ത സീസണിന് വേണ്ടി തയ്യാറെടുക്കാം.ഒരു കോച്ച് എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്നറിയാം. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ഒരു മത്സരമാണ് സമനിലയിൽ കലാശിച്ചത്.മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ട് മറ്റുള്ളവർ പോയിന്റ് ഡ്രോപ് ചെയ്യുന്നതിനെ ആശ്രയിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.പക്ഷേ ഇപ്പോൾ കാര്യങ്ങൾ ബുദ്ധിമുട്ടാണ്.ഈ സമനില വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനും വിശദീകരിക്കാനും ബുദ്ധിമുട്ടാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *