തന്റെ പേരിനു പകരം നിക്കോയുടെ പേര്, ബാഴ്സ ആരാധകരുടെ പ്രവർത്തി വേദനിപ്പിച്ചുവെന്ന് റാഫീഞ്ഞ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ സ്പാനിഷ് സൂപ്പർ താരമായ നിക്കോ വില്യംസിനെ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിരുന്നു. അദ്ദേഹം ബാഴ്സയിലേക്ക് എത്തുമെന്ന് തന്നെയായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ അവസാനത്തിൽ അത് ഫലം കാണാതെ പോവുകയായിരുന്നു.നിക്കോ അത്ലറ്റിക്ക് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു.അത് ബാഴ്സ ആരാധകരെ ഒരുപാട് നിരാശപ്പെടുത്തി.റാഫിഞ്ഞയുടെ പൊസിഷനിലേക്കായിരുന്നു നിക്കോയെ കൊണ്ടുവരാൻ ബാഴ്സ തീരുമാനിച്ചിരുന്നത്.
ബാഴ്സ ആരാധകർ നിക്കോ വില്യംസിന്റെ ജേഴ്‌സി വരെ അടിച്ചിറക്കുകയും ചെയ്തിരുന്നു. റാഫിഞ്ഞയുടെ പതിനൊന്നാം നമ്പർ ജഴ്സിയിലായിരുന്നു അവർ നിക്കോയുടെ പേര് അച്ചടിച്ചിരുന്നത്. എന്നാൽ ബാഴ്സ ആരാധകരുടെ ഈ പ്രവർത്തി തന്നെ വളരെയധികം വേദനിപ്പിച്ചു എന്നുള്ള കാര്യം റാഫീഞ്ഞ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റാഫിഞ്ഞയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഇൻസ്റ്റഗ്രാമിൽ ഞാൻ ആ ചിത്രം കണ്ടിരുന്നു.എന്റെ ജേഴ്സിയിൽ മറ്റൊരാളായിരുന്നു ഉണ്ടായിരുന്നത്.അതൊരു മോശം തമാശയായിരുന്നു. തീർച്ചയായും അത് എന്നെ അപമാനിക്കുന്നതായിരുന്നു.ഇവിടെ ക്ലബ്ബിനകത്ത് ഉള്ള താരങ്ങളെ ആളുകൾ ബഹുമാനിക്കേണ്ടതുണ്ട്.ഞങ്ങൾ ഈ ക്ലബ്ബിനുവേണ്ടി പോരാടുന്നവരും ഏറ്റവും മികച്ചത് നൽകുന്നവരുമാണ്. ആ ഫോട്ടോ കണ്ടത് എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും നല്ല അനുഭവമായിരുന്നില്ല.അതൊരു ബഹുമാനമില്ലാത്ത പ്രവർത്തിയായി കൊണ്ടാണ് ഞാൻ കണ്ടത്.മാത്രമല്ല അത് എന്നെ വളരെയധികം വേദനിപ്പിക്കുകയും ചെയ്തു ” ഇതാണ് റാഫിഞ്ഞ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഫ്ലിക്കിന് കീഴിൽ ഗംഭീര പ്രകടനമാണ് റാഫിഞ്ഞ പുറത്തെടുക്കുന്നത്.12 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ആറ് അസിസ്റ്റുകളും പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്രയും തകർപ്പൻ പ്രകടനം അദ്ദേഹത്തിൽ നിന്നും ബാഴ്സ ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇനി നിക്കോയുടെ ആവശ്യമില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.