തനിക്ക് പറ്റിയ താരമല്ലെന്ന് റൂണി,ഇറ്റാലിയൻ വമ്പൻമാർക്കും വേണ്ട,സുവാരസിന് മുന്നിൽ ഇനിയെന്ത്?

ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ഈ കഴിഞ്ഞ സീസണോടുകൂടി അത്ലറ്റിക്കോയോട് വിട പറഞ്ഞിരുന്നു. നിലവിൽ പുതിയ ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് സുവാരസുള്ളത്. ഇറ്റാലിയൻ ചാമ്പ്യന്മാരായ എസി മിലാൻ താരത്തെ പരിഗണിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.എന്നാൽ മിലാൻ ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്.താരത്തിന് വേണ്ടി ഇനി മിലാന്റെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഒന്നുമുണ്ടാവില്ല.

അതേസമയം ഇംഗ്ലീഷ് ഇതിഹാസമായ വെയിൻ റൂണി MLS ക്ലബ്ബായ DC യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഈയിടെ ഏറ്റെടുത്തിരുന്നു.റൂണി തന്റെ ക്ലബ്ബിലേക്ക് സുവാരസിനെ എത്തിക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ റൂണിയോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം റൂണി നിരസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ ലൂയിസ് സുവാരസിനെ വളരെയധികം ബഹുമാനിക്കുന്നു.അദ്ദേഹം അസാമാന്യനായ ഒരു താരമാണ്. പക്ഷേ വളരെയധികം ഹൻഗ്രിയായിട്ടുള്ള താരങ്ങളെയാണ് ഞാൻ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഓരോ പരിശീലന സെഷനുകളിലും പങ്കെടുത്തു കൊണ്ട്, എല്ലാ മത്സരങ്ങളും കളിക്കുകയും ടീമിനായി ഒരുപാട് നൽകുകയും ചെയ്യുന്ന താരങ്ങളെയാണ് എനിക്കാവശ്യം. തന്നെ ഞങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഞങ്ങളുള്ളത്.ഉടൻതന്നെ അതിന് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

അത്ലറ്റിക്കോക്ക് വേണ്ടിയുള്ള ആദ്യ സീസണിൽ ആകെ 21 ഗോളുകൾ നേടാൻ സുവാരസിന് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ താരത്തിന് വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞിട്ടില്ല. നിലവിൽ യൂറോപ്പിൽ തുടരാൻ തന്നെയാണ് സുവാരസ് ഉദ്ദേശിക്കുന്നത്. പക്ഷേ താരം എങ്ങോട്ട് ചേക്കേറുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *