തട്ടിപ്പ് കാണിച്ചു, മുൻ ബാഴ്സ താരത്തിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു!
2015 ലായിരുന്നു ആർദ ടുറാൻ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്സലോണയിൽ എത്തിയത്. നാല് വർഷക്കാലം അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.പിന്നീട് മൂന്നുവർഷമാണ് അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി കളിച്ചത്. അതിനുശേഷം ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിടുകയായിരുന്നു.ബാഴ്സലോണയിൽ മോശമല്ലാത്ത ഒരു പ്രകടനം നടത്താൻ ഈ മധ്യനിര താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.
എന്നാൽ താരവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നികുതി വെട്ടിപ്പിൽ അദ്ദേഹം കുറ്റക്കാരനാണ് എന്ന് സ്പാനിഷ് കോടതി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.2015,2016 എന്നീ വർഷങ്ങളിലായി രണ്ടുതവണയാണ് അദ്ദേഹം നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്. മാത്രമല്ല ആറ് ലക്ഷത്തി മുപ്പതിനായിരം യൂറോ പിഴയായി കൊണ്ട് അദ്ദേഹത്തിന് ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ തടവ് ശിക്ഷയുടെ കാര്യത്തിൽ ഒരു ആശ്വാസം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അതായത് സ്പെയിനിലെ പുതിയ നിയമം അനുസരിച്ച് രണ്ടു വർഷത്തിന് താഴെ തടവ് ശിക്ഷ വിധിക്കപ്പെട്ടവർക്ക് ഇപ്പോൾ ആ തടവ് അനുഭവിക്കേണ്ടി വരില്ല. അത് സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ടുവർഷത്തിന് മുകളിൽ മാത്രമാണെങ്കിൽ കുറ്റക്കാർക്ക് തടവു ശിക്ഷ അനുഭവിച്ചാൽ മതി. അതുകൊണ്ടുതന്നെ നിലവിൽ ടുറാന് ജയിലിൽ കിടക്കേണ്ടി വരില്ല എന്നത് ആശ്വാസകരമായ ഒരു കാര്യമാണ്.തുർക്കിയുടെ ദേശീയ ടീമിന് വേണ്ടി 100 മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരു ലെജൻഡ് കൂടിയാണ് ഇദ്ദേഹം.2022 ലാണ് ഇദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.
Image: Arda Turan is watching the Atleti – Barça game from the stands. pic.twitter.com/rwg2BEcNw4
— Barça Universal (@BarcaUniversal) March 17, 2024
കായിക മേഖലയിലുള്ളവരുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ കഠിന ശ്രമമാണ് ഇപ്പോൾ സ്പെയിനിൽ നടക്കുന്നത്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ അദ്ദേഹത്തിനും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ,ഹോസേ മൊറിഞ്ഞോ എന്നിവർക്കൊക്കെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടായിരുന്നു. പക്ഷേ അവർക്കാർക്കും തന്നെ തടവ് ശിക്ഷ നേരിടേണ്ടി വന്നിരുന്നില്ല. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കൂടുതൽ സ്ട്രോങാക്കാൻ തന്നെയാണ് സ്പാനിഷ് അധികൃതരുടെ തീരുമാനം.