തട്ടിപ്പുകാരന്റെ വലയിൽ വീണു,ലെവന്റോസ്ക്കിയുടെ ട്രാൻസ്ഫറിൽ ബാഴ്സ കാണിച്ചത് ആന മണ്ടത്തരം!
2022ലായിരുന്നു സൂപ്പർതാരം റോബർട്ട് ലെവൻഡോസ്ക്കിയെ ബാഴ്സലോണ സ്വന്തമാക്കിയത്.ബയേണിൽ നിന്നും 43 മില്യൺ പൗണ്ട് നൽകി കൊണ്ടാണ് അദ്ദേഹത്തെ ബാഴ്സ സ്വന്തമാക്കിയത്. പിന്നീട് ബാഴ്സക്ക് വേണ്ടിയും ഗംഭീര പ്രകടനം തുടരാൻ ഈ സ്ട്രൈക്കർക്ക് സാധിച്ചിരുന്നു.ആകെ ബാഴ്സക്ക് വേണ്ടി കളിച്ച 106 മത്സരങ്ങളിൽ നിന്ന് 71 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
എന്നാൽ താരത്തിന്റെ ഈ ട്രാൻസ്ഫറിൽ ബാഴ്സക്ക് ഒരു വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട്.ഒരു തട്ടിപ്പുകാരന്റെ വലയിൽ വീഴുകയാണ് ബാഴ്സലോണ ചെയ്തിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ ഏജന്റ് ആയ പിനി സഹാവിയാണ് ലെവന്റോസ്ക്കിയുടെ ഏജന്റായി പ്രവർത്തിക്കുന്നത്.ഈ ഡീലിൽ സഹാവിക്ക് കമ്മീഷനായി കൊണ്ട് ഒരു മില്യൺ യൂറോ ബാഴ്സലോണ നൽകാനുണ്ട്. അത് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിനി സഹാവി ബാഴ്സലോണയെ സമീപിക്കുകയായിരുന്നു.അങ്ങനെ ബാഴ്സ ഒരു മില്യൺ യൂറോ അദ്ദേഹം ആവശ്യപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
പക്ഷേ ഈ ബാങ്ക് അക്കൗണ്ടിൽ അൺയൂഷ്യൽ ആക്ടിവിറ്റികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ ബാങ്ക് അധികൃതർ ലാലിഗയെ സമീപിച്ചു. തുടർന്ന് ലാലിഗ ബാഴ്സലോണ ഈ വിവരം അറിയിക്കുകയും ചെയ്തു. അങ്ങനെ ബാഴ്സ ഏജന്റായ പിനി സഹാവിയെ കോൺടാക്ട് ചെയ്തപ്പോഴാണ് തങ്ങൾക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ച് ബാഴ്സ മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ അവർ പണം അയച്ചു നൽകിയത് പിനി സഹാവിക്കല്ല. മറിച്ച് സഹാവിയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് രംഗത്ത് വന്ന ഏതോ ഒരു തട്ടിപ്പുകാരനാണ്. അദ്ദേഹത്തിനാണ് ഒരു മില്യൺ യൂറോ ലഭിച്ചിട്ടുള്ളത്.
എന്നാൽ ആ പണം മുഴുവനായിട്ടും റിക്കവർ ചെയ്യാൻ ബാഴ്സലോണക്ക് സാധിച്ചു എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും സഹാവിയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ബാഴ്സയെ സമീപിച്ച് ഈ പണം തട്ടിയ വ്യക്തി ആരാണ് എന്നുള്ളത് വ്യക്തമായിട്ടില്ല.ബാങ്കിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണ് ബാഴ്സക്ക് ആ പണം തിരികെ ലഭിച്ചിട്ടുള്ളത്. അത് ബാഴ്സ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. ബാഴ്സലോണയെ പോലെ ഒരു ക്ലബ്ബ് തട്ടിപ്പിൽ കുരുങ്ങിയത് പലർക്കിടയിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.