ഡെമ്പലെയുടെ ഇരട്ടപ്രഹരത്തിന് തിരിച്ചടി നൽകി കീൻ,വമ്പന്മാരുടെ സൗഹൃദം സമനിലയിൽ!

ഒരല്പം മുമ്പ് നടന്ന സൗഹൃദമത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനിലക്കുരുക്ക്.യുവന്റസാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. ബാഴ്സക്ക് വേണ്ടി സൂപ്പർ താരം ഡെമ്പലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറുഭാഗത്ത് മോയ്സെ കീനാണ് ആ രണ്ടു ഗോളുകൾക്കും മറുപടി നൽകിയത്.

ഡെമ്പലെ,ലെവന്റോസ്ക്കി,ഓബമയാങ്‌ എന്നിവരായിരുന്നു ബാഴ്സയുടെ മുന്നേറ്റ നിരയിൽ ആദ്യ ഇലവനിൽ അണിനിരന്നത്.മോയ്സെ കീനും ഡി മരിയയും മറുഭാഗത്ത് ഉണ്ടായിരുന്നു. മത്സരത്തിന്റെ 34ആം മിനിറ്റിലാണ് ഡെമ്പലെ ബാഴ്സക്ക് ലീഡ് നേടിക്കൊടുത്തത്.യുവന്റസിന്റെ പ്രതിരോധനിരതാരങ്ങളെ കബളിപ്പിച്ചുകൊണ്ട് ഡെമ്പലെ തൊടുത്ത ഷോട്ട് ഗോളായി മാറുകയായിരുന്നു.എന്നാൽ 39-ആം മിനുട്ടിൽ കീൻ ഈ ഗോളിന് മറുപടി നൽകി.

പക്ഷേ തൊട്ടടുത്ത മിനിറ്റിൽ വീണ്ടും ഡെമ്പലെ യുവന്റസിനെ പ്രഹരിക്കുകയായിരുന്നു. ആദ്യ ഗോളിന് സമാനമായ രൂപത്തിലുള്ള ഗോളാണ് ഡെമ്പലെ നേടിയിട്ടുള്ളത്. പക്ഷേ 52 മിനിറ്റിൽ കീൻ വീണ്ടും യുവന്റസിന് സമനില നേടിക്കൊടുത്തു. ടീം നടത്തിയ കൂട്ടായ മുന്നേറ്റത്തിനൊടുവിൽ കീൻ ഗോൾ നേടുകയായിരുന്നു. പിന്നീട് ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

ഇനി ബാഴ്സയുടെ അടുത്ത മത്സരം ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയാണ്.വരുന്ന ഞായറാഴ്ചയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *