ഡെംബലയെ കൈവിടണോ? തീരുമാനവുമായി ബാഴ്സ

2017-ൽ സൂപ്പർ താരം നെയ്മർ ജൂനിയർ ടീം വിട്ടപ്പോൾ പകരക്കാരനായി പൊന്നുംവിലകൊടുത്ത് ബാഴ്സ ടീമിലെത്തിച്ച താരമാണ് ഉസ്മാൻ ഡെംബല. എന്നാൽ തുടർച്ചയായ പരിക്കുകൾ താരത്തിന്റെ കരിയറിന് വെല്ലുവിളി ഉയർത്തി. കഴിഞ്ഞ മൂന്ന് സീസണിൽ ഒട്ടുമിക്ക മത്സരങ്ങളും നഷ്ടമാവാനായിരുന്നു ഡെംബലയുടെ വിധി. മാത്രമല്ല പരിക്കുകൾ ഭേദപ്പെട്ട് തിരിച്ചെത്തുമ്പോൾ പഴയ ഫോം കണ്ടെത്താനും താരത്തിന് സാധിക്കുന്നില്ല. മികച്ച പ്രകടനം കാഴ്ച്ചവെച്ച്കൊണ്ടിരിക്കുന്ന വേളയിൽ വീണ്ടും പരിക്ക് അലട്ടുന്നത് താരത്തിനും ക്ലബിനും തലവേദനയായിരുന്നു. ഇതോടെ താരത്തെ വിൽക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ നടന്നിരുന്നു. പ്രത്യേകിച്ച് നെയ്മറെയോ ലൗറ്ററോയെയും ബാഴ്സ നോട്ടമിട്ട ഈ സാഹചര്യത്തിൽ താരത്തെ കൈമാറാൻ ബാഴ്സ ആലോചിച്ചിരുന്നു.

എന്നാലിപ്പോൾ താരത്തെ കൈവിടണ്ടെന്നും ഒരു സീസൺ കൂടി താരത്തിന് അവസരം നൽകാമെന്നുമാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്. സ്പോർട്ട് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിട്ടിരിക്കുന്നത്. താരത്തിൽ ഇപ്പോഴും ബാഴ്സ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും പരിക്ക് ഭേദമായാൽ താരം ബാഴ്സക്ക് മുതൽകൂട്ടാവുമെന്നുമാണ് സ്പോർട്ട് റിപ്പോർട്ടിൽ പറയുന്നത്. പ്രത്യേകിച്ച് ബാഴ്സയുടെ പുതിയ ക്വിക്കെ സെറ്റിയന് താരത്തെ വിൽക്കാൻ താല്പര്യമില്ല. നിലവിൽ ഫിൻലാന്റിൽ ചികിത്സയിലാണ് താരം. ആറ് മാസത്തോളമാണ് ഈ പരിക്ക് മൂലം താരം പുറത്തിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *