ഡി യോങ് യുണൈറ്റഡിലേക്കോ? പ്രതികരിച്ച് ലാപോർട്ട!
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി മധ്യനിര താരങ്ങളെ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമാകും. പോൾ പോഗ്ബ,മാറ്റിച്ച്,യുവാൻ മാറ്റ,ലിംഗാർഡ് എന്നിവരൊക്കെ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ മധ്യനിരയിലേക്ക് കൂടുതൽ മികച്ച താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ട്.
യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് ബാഴ്സ സൂപ്പർ താരമായ ഫ്രങ്കി ഡിയോങ്ങിനെയാണ്.മുമ്പ് അയാക്സിൽ ടെൻ ഹാഗിന് കീഴിൽ കളിച്ചിട്ടുള്ള താരമാണ് ഡി യോങ്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ഇപ്പോൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Frenkie de Jong is reported to be one of Erik ten Hag's Manchester United targets #MUFChttps://t.co/aSt0ApdH2k
— Man United News (@ManUtdMEN) May 18, 2022
ഏതായാലും ഡിയോങ്ങിനെ ബാഴ്സ കൈവിടുമെന്ന അഭ്യൂഹങ്ങളോട് ക്ലബ്ബിന്റെ പ്രസിഡന്റായ ലാപോർട്ട ഇപ്പോൾ പ്രതികരണമറിയിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യങ്ങളാണ് തങ്ങൾ മുൻഗണന നൽകുന്നത് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ബാഴ്സ താരങ്ങൾ എപ്പോഴും ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ചാ വിഷയമായിരിക്കും. ഞങ്ങൾ ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളെ വിൽക്കുമോ എന്നുള്ളത് എനിക്കറിയില്ല. ചിലപ്പോൾ അത് ആവശ്യമായി വരില്ല. പക്ഷേ ഞങ്ങൾ മുൻഗണന നൽകുക ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യങ്ങൾക്കാണ്. നിലവിൽ ഏറ്റവും മികച്ച കാര്യമാണ് ക്ലബ്ബിന് വേണ്ടി ഞങ്ങൾ ചെയ്യുക ” ലാപോർട്ട പറഞ്ഞു.
2019-ലായിരുന്നു താരം അയാക്സ് വിട്ട് ബാഴ്സയിൽ എത്തിയത്. ബാഴ്സക്ക് വേണ്ടി ആകെ 139 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 17 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.