ഡി പോളിനെയാണ് ഞാൻ കാത്തിരിക്കുന്നത്, അദ്ദേഹം ഒരു ശല്യക്കാരനാണ്:ഫെലിക്സ്.

ലാലിഗയിൽ നടക്കുന്ന പതിനഞ്ചാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ എഫ്സി ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30ന് ബാഴ്സയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സ് നിലവിൽ ബാഴ്സക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. തന്റെ മുൻ ക്ലബ്ബായ അത്ലറ്റിക്കോക്കെതിരെ അദ്ദേഹം ഇറങ്ങും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ അത്ലറ്റിക്കോയിൽ വെച്ച് ഡി പോളും ഫെലിക്സും ഒരുമിച്ച് കളിച്ചവരാണ്. എന്നാൽ ഇനി എതിരാളികളായി കൊണ്ടാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുക.ഡി പോളിനെ നേരിടാനാണ് താൻ കാത്തിരിക്കുന്നത് എന്നാണ് ഫെലിക്സ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എതിർ താരങ്ങൾക്ക് എപ്പോഴും ഒരു ശല്യക്കാരനാണ് ഡി പോളെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഫെലിക്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് ഡി പോളിനെ നേരിടുന്ന കാര്യത്തിലേക്കാണ്. കാരണം കളിക്കളത്തിൽ എപ്പോഴും എതിർ താരങ്ങളെ ശല്യപ്പെടുത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞവർഷം ഞാൻ അദ്ദേഹത്തിന്റെ സഹതാരമായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അത് എനിക്ക് ഓക്കേ ആയിരുന്നു.പക്ഷേ പുറത്തുനിന്ന് നോക്കുമ്പോൾ അദ്ദേഹം വലിയ പ്രശ്നക്കാരനാണ്.എന്നെ അദ്ദേഹം എങ്ങനെയാണ് കൈകാര്യം ചെയ്യുക,എങ്ങനെയാണ് ഞങ്ങൾ തമ്മിൽ റിയാക്ട് ചെയ്യുക എന്നത് എനിക്കറിയേണ്ടതുണ്ട്.കളത്തിന് പുറത്ത് അദ്ദേഹം നല്ല ഒരു വ്യക്തിയാണ്. കളത്തിനകത്ത് എങ്ങനെയാണ് എന്നത് ഇനി എതിരാളിയായി കൊണ്ട് എനിക്ക് അറിയേണ്ടതുണ്ട്. അദ്ദേഹത്തിന് എതിരെ എങ്ങനെ കളിക്കണമെന്നത് എനിക്ക് മനസ്സിലാക്കണം “ഫെലിക്സ് പറഞ്ഞു.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് അത്ലറ്റിക്കോ മാഡ്രിഡും നാലാം സ്ഥാനത്ത് ബാഴ്സലോണയും ആണ് ഉള്ളത്. രണ്ട് ടീമുകൾക്ക് 31പോയിന്റ് ആണെങ്കിലും ബാഴ്സയേക്കാൾ ഒരു മത്സരം കുറച്ചാണ് അത്ലറ്റിക്കോ കളിച്ചിട്ടുള്ളത്. എന്നാൽ ഈ മത്സരത്തിൽ അവരെ പരാജയപ്പെടുത്തിയാൽ മൂന്നാം സ്ഥാനം കൈക്കലാക്കാൻ ബാഴ്സക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *