ഡിഫൻഡർക്ക് പരിക്ക്, ബാഴ്സക്ക് ആശങ്ക
ബാഴ്സലോണ പ്രതിരോധനിര താരം സാമുവൽ ഉംറ്റിറ്റി വീണ്ടും പരിക്കിന്റെ പിടിയിലായത് ബാഴ്സക്ക് ആശങ്കയുണർത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ഓരോ വ്യക്തകളും തനിച്ച് നടത്തുന്ന പരിശീലനത്തിനിടെയാണ് സാമുവൽ ഉംറ്റിറ്റിക്ക് പരിക്കേറ്റത്. വലതു കാൽപാദത്തിനാണ് പരിക്ക് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എത്ര ദിവസം താരം പുറത്തിരിക്കേണ്ടി വരുമെന്ന കാര്യം വ്യക്തമല്ല. ലീഗ് പുനരാരംഭിക്കാനിരിക്കെ താരത്തിന് പരിക്കേറ്റത് ബാഴ്സ തിരിച്ചടി തന്നെയാണ്.
2016-ൽ ബാഴ്സയിലെത്തിയ താരത്തിന് ഇത് വരെ 58 മത്സരങ്ങളാണ് നഷ്ടമായിട്ടുള്ളത്. തുടർച്ചയായ പരിക്കുകൾ ഉംറ്റിറ്റിയെ വേട്ടയാടിയിരുന്നു. അത്കൊണ്ട് തന്നെ ഈ സമ്മർ ട്രാൻസ്ഫറിൽ താരത്തെ വിൽക്കാൻ ബാഴ്സ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്വാപ് ഡീലിൽ താരത്തെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ബാഴ്സ ആരംഭിച്ചിരുന്നു. ഈയൊരു അവസ്ഥയിലാണ് താരത്തിന് വീണ്ടും പരിക്കേറ്റത്. ഈ സീസണിൽ പരിക്ക് മൂലം പതിനാറ് മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.