ട്രൂ മാഡ്രിഡിസ്റ്റ..! തന്റെ ജേഴ്സി കളക്ഷനുകൾ പങ്കുവെച്ച് വിനീഷ്യസ്!

റയൽ മാഡ്രിഡിന് വേണ്ടി സമീപകാലത്ത് തകർപ്പൻ പ്രകടനം നടത്തുന്ന ബ്രസീലിയൻ സൂപ്പർ താരമാണ് വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ലാലിഗയും ചാമ്പ്യൻസ് ലീഗും നേടിയതിന്റെ കാരണക്കാരിൽ ഒന്ന് വിനീഷ്യസ് ജൂനിയറാണ്. അതുകൊണ്ടുതന്നെ ഇത്തവണ വലിയ ബാലൺഡി’ഓർ പുരസ്കാര സാധ്യതകൾ അദ്ദേഹത്തിന് കൽപ്പിക്കപ്പെടുന്നുണ്ട്. ബ്രസീൽ കോപ്പ അമേരിക്കയിൽ നിരാശപ്പെടുത്തി എന്നുള്ളത് മാത്രമാണ് വിനീഷ്യസിന് തിരിച്ചടിയായിട്ടുള്ള കാര്യം.

അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകളിലാണ് വിനീഷ്യസ് ജൂനിയർ ഉള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. തന്റെ പേഴ്സണൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രമാണ് വിനി പങ്കുവെച്ചിട്ടുള്ളത്. എന്നാൽ എല്ലാവരുടെയും കണ്ണുകൾ ആ ജിമ്മിലെ വാളുകളിലേക്കാണ് പോവുക. 4 ജേഴ്സികൾ അവിടെ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.

റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസങ്ങളുടെ ജേഴ്‌സികളാണ് വിനീഷ്യസ് ജൂനിയർ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ളത്.മോഡ്രിച്ച്,ക്രൂസ്,ക്രിസ്റ്റ്യാനോ റൊണാൾഡോ,ബെൻസിമ എന്നിവരുടെ ജേഴ്സികളാണ് വിനീഷ്യസിന്റെ ജേഴ്സി കളക്ഷനിൽ ഉള്ളത്. നാല് ജേഴ്‌സുകളിലും അതാത് താരങ്ങൾ സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ജേഴ്സിയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. അതുപോലെതന്നെ മോഡ്രിച്ചിന്റെ ക്രൊയേഷ്യൻ ജഴ്സിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ബ്രസീലിന്റെ വനിത ഇതിഹാസമായ മാർത്തയുടെ ഒരു ജേഴ്സിയും വിനി തന്റെ വാളിൽ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്.

റയൽ മാഡ്രിഡിൽ വച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോപ്പം കളിക്കാനുള്ള ഭാഗ്യം ഈ ബ്രസീലിയൻ താരത്തിന് ലഭിച്ചിട്ടില്ല. അതേസമയം ബെൻസിമ,ക്രൂസ്,മോഡ്രിച്ച് എന്നിവർക്കൊപ്പം താരം കളിച്ചിട്ടുണ്ട്. നിലവിൽ മോഡ്രിച്ച് മാത്രമാണ് റയലിൽ അദ്ദേഹത്തോടൊപ്പം ഉള്ളത്. ഏതായാലും താരത്തിന്റെ ജേഴ്സി കളക്ഷനുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.വിനീഷ്യസ് ജൂനിയർ ഒരു ട്രൂ മാഡ്രിഡിസ്റ്റയാണ് എന്നാണ് ആരാധകർ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *