ടോറസിന്റെ സൈനിംഗ്, മൊറാറ്റയുടെ റൂമർ : സാവിക്ക് പറയാനുള്ളത് ഇങ്ങനെ!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നടക്കുന്ന മത്സരത്തിൽ മയ്യോർക്കയാണ് ബാഴ്‌സയുടെ എതിരാളികൾ. മയ്യോർക്കയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് സാവി സംസാരിച്ചിരുന്നു. ബാഴ്‌സ പുതുതായി ടീമിലെത്തിച്ച ഫെറാൻ ടോറസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ സാവി പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരു വ്യക്തി എന്ന നിലയിലും താരം എന്ന നിലയിലും ടോറസിന്റേത് ഒരു മികച്ച സൈനിങ്ങാണ്.അദ്ദേഹം ഞങ്ങൾക്ക് ഒരുപാട് നൽകും.പെപ്, എൻറിക്വ എന്നീ മികച്ച പരിശീലകർക്ക് കിഴിൽ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കും.അദ്ദേഹത്തെ എത്തിക്കാൻ വേണ്ടി ക്ലബ്ബ് എടുത്ത പ്രയത്നത്തിൽ ഞാൻ സന്തോഷവാനാണ്.ഞങ്ങൾക്ക് പുതുതായി എത്തിച്ച താരങ്ങളെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിന് ചില കാര്യങ്ങൾ കൂടി ഇനി ചെയ്യാനുണ്ട് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) January 2, 2022
അതേസമയം മറ്റൊരു സ്പാനിഷ് താരമായ അൽവാരോ മൊറാറ്റയെ ബാഴ്‌സ ടീമിൽ എത്തിക്കുമെന്ന റൂമറുകൾ ഉണ്ടായിരുന്നു. ഇതിനോടും സാവി തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
” നമ്മുക്കിപ്പോൾ നമ്മുടെ പക്കലിലുള്ള താരങ്ങളെ കുറിച്ച് സംസാരിക്കാം.ടോറസിനെയും ആൽവെസിനെയും കുറിച്ച് സംസാരിക്കാം.ഈ താരങ്ങൾക്ക് നമ്മെ ഏറെ സഹായിക്കാൻ കഴിയും. ബാക്കിയുള്ളതൊക്കെ കേവലം സങ്കല്പങ്ങൾ മാത്രമാണ്.മൊറാറ്റയോ ഹാലണ്ടോ ഒന്നും ബാഴ്‌സയുടെ താരങ്ങൾ അല്ല ” ഇതാണ് സാവി പറഞ്ഞത്.
നിലവിൽ ടേബിളിൽ ഏഴാം സ്ഥാനത്താണ് ബാഴ്‌സ. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രമാണ് ബാഴ്സക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.