ടീമിന്റെ ആണിക്കല്ല്,ഉള്ളത് ബാഴ്സ DNA : ഗുണ്ടോഗനെ പ്രശംസിച്ച് സാവി!

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ കാഡിസിനെ പരാജയപ്പെടുത്തിയത്.പെഡ്രി,ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്.പെഡ്രിയുടെ ഗോളിന് അസിസ്റ്റ് നൽകിയത് സൂപ്പർ താരമായ ഇൽകെയ് ഗുണ്ടോഗനായിരുന്നു.താരത്തിന്റെ മികവ് തെളിയിക്കുന്ന ഒരു അസിസ്റ്റാണ് പിറന്നിരുന്നത്.

മത്സരശേഷം താരത്തെ പ്രശംസിച്ചുകൊണ്ട് ബാഴ്സയുടെ പരിശീലകനായ സാവി രംഗത്ത് വന്നിട്ടുണ്ട്. ബാഴ്സ DNAയാണ് ഓൾറെഡി ഇൽകെയ് ഗുണ്ടോഗന് ഉള്ളതെന്നാണ് സാവി പറഞ്ഞിട്ടുള്ളത്. ടീമിന്റെ കോർണർ സ്റ്റോൺ അഥവാ ആണിക്കല്ല് ഈ മിഡ്ഫീൽഡറാണെന്നും സാവി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ ടീമിന്റെ ആണിക്കല്ലാണ് ഗുണ്ടോഗൻ.അദ്ദേഹത്തിന് ഓൾറെഡി ബാഴ്സ DNA യുണ്ട്. ഒരിക്കലും അദ്ദേഹത്തിന് പൊസഷൻ നഷ്ടപ്പെട്ടിട്ടില്ല.ബോൾ കൊണ്ട് അദ്ദേഹം വ്യത്യസ്തതകൾ സൃഷ്ടിക്കുന്നു.മാത്രമല്ല എപ്പോഴും ശരിയായ തീരുമാനങ്ങളാണ് കളിക്കളത്തിൽ വച്ചുകൊണ്ട് അദ്ദേഹം എടുക്കുന്നത്. ഇവിടെ വ്യത്യാസങ്ങൾ സൃഷ്ടിക്കാനാണ് ഞങ്ങൾ അദ്ദേഹത്തെ സൈൻ ചെയ്തിരിക്കുന്നത് “ഇതാണ് ബാഴ്സയുടെ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയതിനുശേഷമാണ് ഗുണ്ടോഗൻ ബാഴ്സയിലേക്ക് എത്തിയിരിക്കുന്നത്.ലീഗിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ വിജയം നേടാൻ ബാഴ്സക്ക് സാധിക്കുകയായിരുന്നു. ഇനി അടുത്ത മത്സരത്തിൽ വിയ്യാറയലാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *