ഞാൻ ബാഴ്‌സയുടെ കളികളൊന്നും കാണാറില്ല : തുറന്ന് പറഞ്ഞ് ക്രൂസ്!
സൂപ്പർ കോപ്പയുടെ ഒന്നാം സെമി ഫൈനലിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടമാണ് അരങ്ങേറുക. കരുത്തരായ റയലും ബാഴ്‌സയുമാണ് ഇന്ന് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് റിയാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ റയലിന്റെ സൂപ്പർ താരമായ ടോണി ക്രൂസ് നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. താൻ ഈയിടെ ബാഴ്‌സയുടെ മത്സരങ്ങൾ കാണാറില്ലെന്നും വേറെ പല കാര്യങ്ങളും തനിക്ക് ചെയ്യാനുണ്ട് എന്നുമാണ് ക്രൂസ് തുറന്ന് പറഞ്ഞിട്ടുള്ളത്.കൂടാതെ റയലിന്റെ പുരോഗതിയെ പറ്റിയും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ക്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 12, 2022
” ഈയിടെ ബാഴ്‌സയുടെ മത്സരങ്ങളൊന്നും ഞാൻ കാണാറില്ല.എനിക്ക് വേറെ പല കാര്യങ്ങളും ചെയ്യാനുണ്ട്.പക്ഷേ എനിക്കവരെ നന്നായി അറിയാം.ചില സംശയങ്ങൾ ഉണ്ടെങ്കിലും നല്ല ക്വാളിറ്റിയുള്ള താരങ്ങൾ ബാഴ്‌സയിലുണ്ട്.സാവിക്ക് കീഴിൽ എന്ത് മാറ്റങ്ങൾ ഉണ്ടായിരുന്നു എന്നെനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല.ഈ സീസണിന്റെ തുടക്കത്തിൽ നല്ല രൂപത്തിൽ കളിക്കാതെ പോലും ഞങ്ങൾ ഒരുപാട് മത്സരങ്ങൾ വിജയിച്ചു.പക്ഷെ ഇപ്പോൾ ഞങ്ങൾ ഇമ്പ്രൂവായി. ബുദ്ധിമുട്ടേറിയ സമയത്ത് പോലും കാര്യങ്ങളെ നല്ല രൂപത്തിൽ കൈകാര്യം ചെയ്തു.പക്ഷേ ലീഗിൽ ഇനിയും ഞങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകണം. ചെറുതായൊന്ന് പിഴച്ചാൽ പോലും അത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഞങ്ങൾക്കറിയാം ” ക്രൂസ് പറഞ്ഞു.
ഈ സീസണിൽ ഇതുവരെ ഒരു എൽ ക്ലാസിക്കോയാണ് നടന്നിട്ടുള്ളത്. ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്‌സയെ പരാജയപ്പെടുത്താൻ റയലിന് സാധിച്ചിരുന്നു.