ഞാൻ ക്രിസ്റ്റ്യാനോയുടെ ഡെപ്യൂട്ടി ആയിരുന്നില്ല : ബെൻസിമ

ഈ സീസണിൽ റയലിന് വേണ്ടി മിന്നുന്ന പ്രകടനമാണ് ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ ഇപ്പോൾ പുറത്തെടുക്കുന്നത്. ഈ സീസണിൽ ആകെ കളിച്ച 26 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന് ശേഷം റയലിനെ ചുമലിലേറ്റുന്നത് കരിം ബെൻസിമയാണ്.

ക്രിസ്റ്റ്യാനോ ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്ത് ബെൻസിമ ഡെപ്യൂട്ടി റോളായിരുന്നു വഹിച്ചിരുന്നത് എന്ന അഭിപ്രായക്കാർ പലരുമുണ്ട്.റൊണാൾഡോയായിരുന്നു മെയിൻ സ്റ്റാറെന്നും ബെൻസിമ രണ്ടാമനായിരുന്നു എന്നായിരുന്നു ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ നിഷേധിച്ചുകൊണ്ട് ബെൻസിമ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് അന്ന് റയലിൽ താൻ ഡെപ്യൂട്ടി റോളല്ല വഹിച്ചത് എന്നാണ് ബെൻസിമ തുറന്ന് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഫ്രാൻസ് ഫുട്ബോൾ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” അന്ന് ഞാൻ ഡെപ്യൂട്ടി റോളിൽ അല്ലായിരുന്നു കളിച്ചിരുന്നത്.ഞാൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല.ഞാൻ എപ്പോഴും അദ്ദേഹത്തിന് ബോളുകൾ നൽകിയിരുന്നു. ഞാനെപ്പോഴും നന്നായി തന്നെയായിരുന്നു കളിച്ചിരുന്നത്.പക്ഷെ മത്സരത്തിന്റെ അവസാനം അദ്ദേഹം രണ്ട് ഗോളുകൾ നേടിയിട്ടുണ്ടാവും.അതാണ് സത്യം. അതിൽ നിങ്ങൾക്കൊന്നും ചെയ്യാനില്ല.അദ്ദേഹം ക്ലബ് വിട്ടത് മുതൽ ഞാൻ എന്റെ രീതിയിൽ മുന്നോട്ടു നീങ്ങി.ഞാൻ ക്രിസ്റ്റ്യാനോയെ പോലെയല്ല കളിക്കുന്നത്. അദ്ദേഹം ബെൻസിമയെ പോലെ കളിക്കുകയുമില്ല.എന്റെ ഏറ്റവും മികച്ച വേർഷൻ പുറത്തെടുക്കുന്നതിൽ നിന്ന് അദ്ദേഹം എന്നെ തടഞ്ഞിരുന്നില്ല.ഞങ്ങൾ ഒരുപാട് മത്സരങ്ങൾ വിജയിച്ചു. ഒരുപാട് കിരീടങ്ങൾ നേടി. ഞങ്ങൾ എത്ര ഗോളുകൾ നേടി എന്നുള്ളതൊന്നും എനിക്കറിയില്ല. ബെയ്ലിനോടൊപ്പം ഞങ്ങൾ മാജിക് ത്രയത്തിന്റെ ഭാഗമായിരുന്നു.ഒരുപാട് നല്ല നിമിഷങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്” ഇതാണ് ബെൻസിമ പറഞ്ഞത്.

2009-ലാണ് ബെൻസിമയും ക്രിസ്റ്റ്യാനോയും റയലിൽ എത്തിയത്.രണ്ട് പേരും കൂടി 752 ഗോളുകളാണ് റയലിന് വേണ്ടി നേടിയിട്ടുള്ളത്.റൊണാൾഡോ 450 ഗോളുകൾ നേടിയപ്പോൾ ബെൻസിമ 302 ഗോളുകളാണ് ക്ലബ്ബിനുവേണ്ടി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *