ഞാനും മെസ്സിയും ചാവിയും പുറത്തായി,ബാഴ്സക്ക് ഇതിഹാസങ്ങളെ ബഹുമാനിക്കാൻ അറിയില്ല:കൂമാൻ

എഫ്സി ബാഴ്സലോണക്ക് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള അവരുടെ ഇതിഹാസതാരമാണ് റൊണാൾഡ് കൂമാൻ. കൂടാതെ ബാഴ്സയുടെ പരിശീലകനായി കൊണ്ടും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ മറ്റൊരു പരിശീലകനായ ചാവിയേയും ബാഴ്സ പുറത്താക്കി. ചാവിയെ വളരെ മോശമായ രീതിയിലായിരുന്നു ബാഴ്സ ട്രീറ്റ് ചെയ്തിരുന്നത്.

ക്ലബ്ബ് വിടാൻ നിന്ന ചാവിയെ ലാപോർട്ട പിടിച്ച് നിർത്തുകയായിരുന്നു.പിന്നീട് നടന്ന സംഭവ വികാസങ്ങളെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ബാഴ്സക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് കൂമാൻ രംഗത്ത് വന്നിട്ടുണ്ട്. ബാഴ്സക്ക് ഇതിഹാസങ്ങളെ ബഹുമാനിക്കാൻ അറിയില്ല എന്നാണ് കൂമാൻ പറഞ്ഞിട്ടുള്ളത്. ബാഴ്സയിലേക്ക് മടങ്ങിയെത്താൻ താൻ ആഗ്രഹിക്കുന്നത് ഒരു പ്രസിഡണ്ടായി കൊണ്ടാണെന്നും കൂമാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബാഴ്സയിലേക്ക് തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഈ പ്രസിഡന്റ് ഉണ്ടാവുമ്പോൾ ഞാൻ വരില്ല. ഒരു പരിശീലകൻ എന്നതിനേക്കാൾ കൂടുതൽ ഒരു പ്രസിഡണ്ടായി കൊണ്ട് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാഴ്സയിൽ സംഭവിക്കുന്നത് എടുത്തു നോക്കൂ. മെസ്സി പുറത്തായി,ഞാൻ പുറത്തായി, ചാവി പുറത്തായി.ക്ലബ്ബിന്റെ ഇതിഹാസങ്ങളെ ബഹുമാനിക്കാൻ ബാഴ്സക്ക് അറിയില്ല.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഞാൻ കരുതുന്നു.നിലവിൽ ബാഴ്സലോണയെക്കാൾ മുകളിൽ നിൽക്കുന്നത് റയൽ മാഡ്രിഡ് തന്നെയാണ്.എംബപ്പേയെ പോലെയുള്ള താരങ്ങളെ ബാഴ്സക്ക് ആവശ്യമുണ്ട് ” ഇതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ബാഴ്സയുടെ പരിശീലകനായി കൊണ്ട് എത്തിയിട്ടുള്ളത് ഹാൻസി ഫ്ലിക്കാണ്. ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ടക്ക് ഏറെ വിമർശനങ്ങൾ ഈയിടെയായി ഏൽക്കേണ്ടി വന്നിരുന്നു. മെസ്സിയെ നിലനിർത്തുമെന്ന വാഗ്ദാനം നൽകിക്കൊണ്ടായിരുന്നു ലാപോർട്ട ഇലക്ഷനിൽ വിജയിച്ചിരുന്നത്.എന്നാൽ അതിൽ അദ്ദേഹം പരാജയപ്പെട്ടു.ഇപ്പോൾ ചാവിയെ ട്രീറ്റ് ചെയ്തതും വളരെ മോശമായി കൊണ്ടാണ്.ഇക്കാര്യത്തിൽ ഒക്കെയാണ് പ്രസിഡണ്ടിന് വിമർശനങ്ങൾ കേൾക്കേണ്ടിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *