ഞാനിപ്പോഴും അദ്ദേഹത്തെ മിസ് ചെയ്യുന്നു : മുൻ റയൽ സൂപ്പർ താരത്തെ കുറിച്ച് മോഡ്രിച്ച് പറയുന്നു!
കഴിഞ്ഞ സീസണിലായിരുന്നു റയൽ മാഡ്രിഡിന്റെ നായകനായിരുന്ന സെർജിയോ റാമോസ് ക്ലബ്ബിനോട് വിട പറഞ്ഞത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്കായിരുന്നു റാമോസ് ചേക്കേറിയിരുന്നത്. എന്നാൽ പരിക്കുകൾ കാരണം കഴിഞ്ഞ സീസണിൽ വേണ്ടത്ര മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഏതായാലും തന്റെ മുൻ സഹതാരമായ റാമോസിനെ കുറിച്ച് ലുക്ക മോഡ്രിച്ച് ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് ഇപ്പോഴും താൻ റാമോസിനെ മിസ്സ് ചെയ്യുന്നു എന്നാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 3, 2022
” ഒരുപാട് വർഷങ്ങൾ നിങ്ങളോടൊപ്പം ചിലവഴിച്ച താരങ്ങൾ ക്ലബ്ബ് വിട്ടു പോകുന്നത് വളരെയധികം വേദനാജനകമായ ഒരു കാര്യമാണ്. 9 വർഷം ഒപ്പമുണ്ടായിരുന്ന റാമോസും പോയി. ഞാൻ എത്തിയ അന്നുമുതൽ എന്നെ സഹായിച്ച വ്യക്തിയാണ് അദ്ദേഹം.അദ്ദേഹം എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു.എന്റെ കഴിവുകളിൽ റാമോസ് വിശ്വസിച്ചിരുന്നു. അങ്ങനെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ഞങ്ങളുടെ കുടുംബവും വളരെ അടുപ്പമുള്ളവരായി. വെക്കേഷൻ പലപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു ആഘോഷിച്ചിരുന്നത്. ഞങ്ങൾ ഇപ്പോഴും എല്ലാ ദിവസവും സംസാരിക്കാറുണ്ട്.ചുരുങ്ങിയത് മെസ്സേജ് എങ്കിലും അയക്കാറുണ്ട്.തീർച്ചയായും ഞാൻ അദ്ദേഹത്തെ വളരെയധികം മിസ്സ് ചെയ്യുന്നു. പക്ഷേ ഫുട്ബോൾ ഇങ്ങനെയൊക്കെയാണ് ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ റയലിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ മോഡ്രിച്ചിന് സാധിച്ചിരുന്നു. അടുത്ത സീസണിലും താരം റയലിനൊപ്പമുണ്ടാകും.