ഞങ്ങളുടെ സൈനിങ്ങുകൾ ഇപ്പോൾ തന്നെ മികച്ച പ്രകടനം തുടങ്ങി,ബാഴ്സയുള്ളത് തകർപ്പൻ ഫോമിൽ : ഗാവി
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ടീമുകളിൽ ഒന്നാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ എന്നുള്ള കാര്യത്തിൽ തർക്കമില്ല. സൂപ്പർ താരങ്ങളായ റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,ഫ്രാങ്ക് കെസ്സി,ആൻഡ്രിയാസ് ക്രിസ്റ്റൻസൺ എന്നിവരെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. ഈ താരങ്ങൾ എല്ലാവരും തന്നെ ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.
ഏതായാലും വരുന്ന സീസണിനെ വളരെ ആവേശഭരിതനായി കൊണ്ടാണ് ബാഴ്സയുടെ യുവ സൂപ്പർതാരമായ ഗാവി നോക്കി കാണുന്നത്. ബാഴ്സ നടത്തിയ സൈനിങ്ങുകൾ ഇപ്പോൾ തന്നെ മികച്ച പ്രകടനം തുടങ്ങിയെന്നും നിലവിൽ ബാഴ്സയുള്ളത് തകർപ്പൻ ഫോമിലാണ് എന്നുമാണ് ഗാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 25, 2022
” ഞങ്ങൾ ഇപ്പോൾ ഉള്ളത് ടോപ്പ് ഫോമിലാണ്.ഈ ടീമിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആവേശം കൊള്ളുന്ന ഒന്നാമത്തെ വ്യക്തി ഞാനാണ്.ഞങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ ചില നല്ല സൈനിങ്ങുകൾ നടത്തിയിട്ടുണ്ട്.അവർ എല്ലാവരും ഇതിനോടകം ടീമിനുവേണ്ടി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഈ ഫോം ഞങ്ങൾ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്റെ ആദ്യ സീസണിലെ പോലെതന്നെ ഇപ്പോഴും ഞാൻ വളരെയധികം എക്സൈറ്റഡാണ്. പക്ഷേ ഇത്തവണ എനിക്ക് കൂടുതൽ എക്സ്പീരിയൻസ് ഉണ്ട്. ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല സീസൺ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഇതാണ് ഗാവി പറഞ്ഞിട്ടുള്ളത്
17 കാരനായ ഗാവി കഴിഞ്ഞ സീസണിലായിരുന്നു ബാഴ്സക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. ആകെ 46 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും 6 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.