ജോൺ ഗാംമ്പർ ട്രോഫിയിൽ ബാഴ്‌സ ഇന്നിറങ്ങുന്നു, ചാരിറ്റിക്ക് വേണ്ടി പണം കണ്ടെത്താൻ പ്രത്യേക ജേഴ്സിയണിയും !

പ്രീ സീസണിലെ അവസാനത്തേയും മൂന്നാമത്തെയും മത്സരത്തിന് എഫ്സി ബാഴ്സലോണ ഇന്നിറങ്ങുന്നു. ജോൺ ഗാംമ്പർ ട്രോഫിയിൽ എൽചെയെയാണ് ബാഴ്സ ഇന്ന് നേരിടുക. ഇന്ത്യൻ സമയം രാത്രി 10:30 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരൊക്കെ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാഴ്സയുടെ അവതരണമത്സരം എന്ന രൂപേണയാണ് പ്രീ സീസണിൽ ജോൺ ഗാംമ്പർ ട്രോഫി ബാഴ്സ സങ്കടിപ്പിക്കാറുള്ളത്. ബാഴ്സയുടെ സ്ഥാപകനായ ജോൺ ഗാംമ്പറിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ട്രോഫിയുടെ 55-മത്തെ എഡിഷനാണ് ഇന്ന് നടക്കാൻ പോവുന്നത്. സാധാരണഗതിയിൽ സ്പെയിനിന് പുറത്തുള്ള ടീമുകളെയാണ് ഇത് കളിക്കാൻ ക്ഷണിക്കാറുള്ളതെങ്കിലും ഇപ്രാവശ്യം കൊറോണ വൈറസ് പ്രശ്നത്താൽ സ്പാനിഷ് ക്ലബായ എൽചെയെ തന്നെ ക്ഷണിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് പ്രീ സീസൺ മത്സരങ്ങളിലും ബാഴ്‌സ വിജയക്കൊടി പാറിച്ചിരുന്നു. ആദ്യ മത്സരത്തിൽ ജിംനാസ്റ്റിക്കിനെ 3-1 ന് തോൽപ്പിച്ച ബാഴ്സ രണ്ടാം മത്സരത്തിൽ ഇതേ സ്കോറിന് ജിറോണയെ തറപ്പറ്റിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് മെസ്സി ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതേ സമയം ഇന്ന് ചാരിറ്റിക്ക് പണം കണ്ടെത്താൻ വേണ്ടി പ്രത്യേക ജേഴ്സിയായിരിക്കും ബാഴ്സ ധരിക്കുക. ചാരിറ്റി സംഘടനായ കുപ്രയുമായി സഹകരിച്ചാണ് ബാഴ്സ ഈ സംരഭത്തിൽ പങ്കാളിയാവുന്നത്. കോവിഡ് ബാധിതരെ സഹായിക്കാനും അതിനെതിരെ പോരാടാനുമാണ് ബാഴ്‌സ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുപ്ര സ്പോൺസർ ചെയ്ത ജേഴ്സി ആയിരിക്കും ഇന്ന് ബാഴ്സ ധരിക്കുക. മാത്രമല്ല പിന്നീട് ഈ ജേഴ്സിയിൽ താരങ്ങൾ സൈൻ ചെയ്യുകയും ജേഴ്സി ലേലത്തിൽ വെക്കുകയും ചെയ്യും. ഇതിലൂടെ ലഭിക്കുന്ന തുക ചാരിറ്റിക്ക് കൈമാറിയേക്കും. പൊതുജനങ്ങൾക്കിടയിലാണ് ലേലത്തിന് വെക്കുക. ഈ മാസം ഇരുപത്തിയേഴാം തിയ്യതി വിയ്യാറയലിനെതിരെയാണ് ബാഴ്സയുടെ ആദ്യ ലീഗ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *