ജോവിച്ചിനെ ബെഞ്ചിലിരുത്തി സിദാൻ, തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും പരിശീലകൻ !

ഇന്നലെ ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട്‌ ഗോൾരഹിത സമനില വഴങ്ങാനായിരുന്നു റയൽ മാഡ്രിഡിന്റെ യോഗം. സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഗോൾ നേടാനാവാതെ റയൽ വിഷമിക്കുകയായിരുന്നു. മത്സരത്തിൽ പതിനാറ് ഷോട്ടുകൾ ഉതിർത്തിട്ടും അതിൽ കേവലം നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിൽ എത്തിയത് എന്നുള്ളത് റയൽ മുന്നേറ്റനിരയുടെ ശോഷിപ്പിനെയാണ് കാണിക്കുന്നത്. എന്നാൽ ഇന്നലെ സിദാൻ ഏറെ പഴികേട്ടത് സൂപ്പർ താരം ലൂക്ക ജോവിച്ചിനെ ബെഞ്ചിൽ ഇരുത്തിയതിന്റെ പേരിലായിരുന്നു. പകരക്കാരനായിട്ട് പോലും താരത്തെ സിദാൻ പരിഗണിച്ചിരുന്നില്ല. എന്നാൽ താരത്തെ ബെഞ്ചിൽ ഇരുത്തി കൊണ്ട് മർവിൻ പാർക്കിനെയും സെർജിയോ അരിബാസിനെയും സിദാൻ കളത്തിലേക്ക് ഇറക്കുകയായിരുന്നു. പ്രത്യേകിച്ച് ഗോൾ നേടാൻ വിഷമിക്കുന്ന അവസരത്തിൽ ജോവിച്ചിനെ പോലെ ഒരു താരത്തെ പുറത്തിരുത്തി കൊണ്ട് മറ്റുള്ള അരങ്ങേറ്റതാരങ്ങളെ കളത്തിൽ ഇറക്കിയത് സിദാന്റെ വ്യക്തിവൈരാഗ്യം കൊണ്ടാണ് എന്നാണ് വിമർശകർ ഉന്നയിച്ചിരുന്നത്. എന്നാലിപ്പോൾ അതിന് മറുപടി നൽകിയിരിക്കുകയാണ് റയൽ പരിശീലകൻ.

” എനിക്ക് എന്റെ ഫോർമേഷൻ മാറ്റാൻ താല്പര്യമില്ലായിരുന്നു. അത്കൊണ്ട് തന്നെ ഒരു സെന്റർ ഫോർവേഡിനെ പിൻവലിച്ചു കൊണ്ടാണ് മറ്റൊരു സെന്റർ ഫോർവേഡിനെ ഇറക്കേണ്ടത്. പക്ഷെ ഞാൻ ഫോർമേഷനിൽ മാറ്റം വരുത്താൻ ആഗ്രഹിച്ചില്ല. ജോവിച്ചിനെ ഇറക്കണമെങ്കിൽ ഞാൻ കരിം ബെൻസിമയെ പിൻവലിക്കണം. പക്ഷെ അദ്ദേഹം നല്ല രീതിയിൽ ആയിരുന്നു കളിച്ചിരുന്നത്. അത്കൊണ്ട് ഞാൻ പിൻവലിച്ചില്ല. രണ്ട് സെന്റർ ഫോർവേഡുമാരെ ഒരുമിച്ച് കളിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് രണ്ട് വിങ്ങർമാരെ വിങ്ങുകളിൽ നിയോഗിക്കാനായിരുന്നു താല്പര്യം. ഒരുപാട് താരങ്ങളെ തിരഞ്ഞെടുക്കേണ്ട ഒരു സ്‌ക്വാഡ് ആണ് ഞങ്ങൾക്കുള്ളത്. അത്കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാൻ ഒരു താരത്തിനും എതിരല്ല. എനിക്ക് ഒരു താരവുമായും പ്രശ്നമില്ല. ഞാൻ മുമ്പ് പറഞ്ഞ പോലെ തന്നെ എന്റെ ഫോർമേഷൻ മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അത്‌ തന്നെയാണ് കാരണം ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *