ജേഴ്‌സി തരൂ,ഇല്ലെങ്കിൽ എന്റെ കുട്ടികളെന്നെ കൊല്ലും :ഗാവിയോട് ഇനിയേസ്റ്റ!
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ നിലവിലെ ലാലിഗ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബെയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയും പത്തൊമ്പതാം മിനിറ്റിൽ എറിക്ക് ഗാർഷ്യയുമാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ ഇതിഹാസമായ ആൻഡ്രസ് ഇനിയേസ്റ്റയായിരുന്നു വിസൽ കോബെയുടെ നായക സ്ഥാനത്ത് ഉണ്ടായിരുന്നത്.
എഫ്സി ബാഴ്സലോണയുടെ യുവ സൂപ്പർ താരമായ ഗാവി ഈ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി കളിച്ചിരുന്നു. ഈ മത്സരത്തിന്റെ കിക്കോഫിന് മുന്നേ രസകരമായ ഒരു കാര്യം നടന്നിട്ടുണ്ട്. അതായത് ഇനിയേസ്റ്റ ഗാവിയെ ഹഗ് ചെയ്യുന്ന സമയത്ത് സംസാരിച്ച ചില കാര്യങ്ങൾ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ” ഇന്ന് നീ എനിക്ക് നിന്റെ ജേഴ്സി തരണം, അല്ലെങ്കിൽ എന്റെ കുട്ടികൾ എന്നെ കൊല്ലും ” ഇതായിരുന്നു ഗാവിയോട് ഇനിയേസ്റ്റ പറഞ്ഞിരുന്നത്.
Watch: Andres Iniesta asks for Barcelona midfielder’s shirt saying ‘his kids will kill him’ – https://t.co/21CvHzDrWJ
— Barça Universal (@BarcaUniversal) June 6, 2023
എഫ്സി ബാഴ്സലോണയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് ഗാവി. ഇനിയേസ്റ്റ ബാഴ്സയിൽ കുറിച്ചത് പോലെയുള്ള ചരിത്രങ്ങൾ സൃഷ്ടിക്കാൻ ഗാവിക്ക് സാധിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഏറ്റവും മികച്ച യുവതാരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്കാരവും കോപ്പാ ട്രോഫിയുമൊക്കെ ഗാവി സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാഴ്സലോണയിൽ നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് ഗാവി.
ഇനിയേസ്റ്റയുടെ മക്കൾ ഗാവിയുടെ ആരാധകരാണ്. അവർക്ക് വേണ്ടിയാണ് അദ്ദേഹം ഗാവിയുടെ ജേഴ്സി ആവശ്യപ്പെട്ടിട്ടുള്ളത്. ഏതായാലും ഇന്നലത്തെ മത്സരത്തിനു ശേഷം വൈകാരികമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു. ബാഴ്സയുടെ പരിശീലകനായ സാവിയും സുഹൃത്തായ ഇനി ഒരിക്കൽ കൂടി ഒരുമിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമായിരുന്നു. ഇനി പ്രീ സീസണിൽ നാല് സൗഹൃദമത്സരങ്ങളാണ് ബാഴ്സ കളിക്കുക. ജൂലൈ 22ആം തീയതിയാണ് ആദ്യമത്സരം അരങ്ങേറുക.