ജനുവരിയിൽ ക്ലബ് വിടും, തീരുമാനമെടുത്ത്‌ റയൽ മാഡ്രിഡ്‌ സൂപ്പർ താരം !

ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ ക്ലബ്‌ വിടാനുള്ള തീരുമാനമെടുത്തു കഴിഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഇസ്കോ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ക്ലബ് വിടണമെന്ന കാര്യം ഇസ്കോ താരത്തിന്റെ പിതാവും ഏജന്റുമായ ഫ്രാൻസിസ്ക്കോയെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അദ്ദേഹം ഇസ്കോക്ക് മറ്റൊരു ക്ലബ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിൽ സിദാന് കീഴിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന കാര്യം. ഇരുപത്തിയെട്ടുകാരനായ താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന ടീമിലേക്ക് ചേക്കേറാനാണ് ആഗ്രഹം.ഈ സീസണിൽ റയൽ മാഡ്രിഡ്‌ ലാലിഗയിൽ കളിച്ച 630 മിനിറ്റുകളിൽ 260 മിനിറ്റുകളിൽ മാത്രമേ താരത്തിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. അതേസമയം റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാനും താരത്തിന് ക്ലബ് വിടാൻ അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ. 2013 മുതൽ റയൽ മാഡ്രിഡ്‌ മധ്യനിരയിലെ സാന്നിധ്യങ്ങളിൽ ഒരാളാണ് ഇസ്‌ക്കോ.

ദിവസങ്ങൾക്ക്‌ മുമ്പ് ഇസ്കോ സിദാനുമായി സംസാരിച്ചിരുന്നു. താരത്തെ കൺവിൻസ്‌ ചെയ്തു റയൽ മാഡ്രിഡിൽ തന്നെ നിലനിർത്താൻ സിദാൻ ശ്രമിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇസ്കോക്ക്‌ കൂടുതൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ മറ്റേതെങ്കിലും ക്ലബ് കണ്ടത്തേണ്ടി വരുമെന്നാണ് സിദാന്റെ നിലപാട്. അതിനാൽ തന്നെ ക്ലബ് വിടാനാണ് ഇസ്കോയുടെ തീരുമാനം. സ്പെയിൻ ടീമിലേക്ക് എത്തണമെങ്കിലും താരത്തിന് കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ലഭിച്ചേ മതിയാകൂ. യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി, എവെർട്ടൻ എന്നിവരൊക്കെ തന്നെയും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. റയൽ മാഡ്രിഡിനോടൊപ്പം നാലു ചാമ്പ്യൻസ് ലീഗ് നേടിയ താരത്തിന് 2022 വരെയാണ് കരാർ ഉള്ളത്. എന്നാൽ ഈ ജനുവരിയിൽ തന്നെ കൂടുമാറാനാണ് താരത്തിന് താല്പര്യം. റയലിന് വേണ്ടി 313 മത്സരങ്ങൾ കളിച്ച താരം 51 ഗോളുകളും 16 കിരീടങ്ങളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *