ചില താരങ്ങളുടെ അഭാവമുണ്ട്, ശക്തി കൂട്ടണം: സാവി പറയുന്നു.

കഴിഞ്ഞ എൽ ക്ലാസിക്കോ സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.ഡെമ്പലെ,ലോപസ്,ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ഈ തകർപ്പൻ വിജയം സീസണിന് ഒരുങ്ങുന്ന ബാഴ്സക്ക് വലിയ ആത്മവിശ്വാസം പകർന്നു നൽകുന്ന ഒന്നാണ്.

പക്ഷേ തന്റെ സ്‌ക്വാഡിൽ ഇപ്പോഴും ബാഴ്സയുടെ പരിശീലകനായ സാവി സംതൃപ്തനല്ല. ചില താരങ്ങളുടെ അഭാവമുണ്ട് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. കുറച്ച് താരങ്ങളെ കൂടി ടീമിലേക്ക് എത്തിച്ച് ടീമിന്റെ ശക്തി വർധിപ്പിക്കേണ്ടതുണ്ടെന്നും സാവി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഓഗസ്റ്റ് 31 തീയതിയാണ് ട്രാൻസ്ഫർ മാർക്കറ്റ് അടക്കുക. എന്തുവേണമെങ്കിലും സംഭവിക്കാം. ഞങ്ങളുടെ ടീമിന്റെ ശക്തി ഇനിയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ചില താരങ്ങളുടെ അഭാവം ഞങ്ങളുടെ ടീമിലുണ്ട്.ചില പൊസിഷനുകളിലേക്ക് താരങ്ങളെ ആവശ്യമാണ്. സ്പോർട്സ് മാനേജ്മെന്റിനും പ്രസിഡണ്ടിനും ഇക്കാര്യം അറിയാം. ഈ റിസൾട്ടിനുമപ്പുറത്തേക്ക് ഞങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ഇനിയും വേണം ” ഇതാണ് ബാഴ്സയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

റൈറ്റ് ബാക്ക്,മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിലേക്ക് എഫ്സി ബാഴ്സലോണ താരങ്ങളെ എത്തിക്കാൻ സാധ്യതയുണ്ട്. അടുത്ത ഫ്രണ്ട്‌ലി മത്സരത്തിൽ ബാഴ്സയുടെ എതിരാളികൾ AC മിലാനാണ്. വരുന്ന ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *