ചിരവൈരികളായിട്ടും ഇനിയേസ്റ്റക്ക് ആദരം, സ്റ്റേറ്റ്മെന്റ് ഇറക്കി റയൽ മാഡ്രിഡ്!
സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിക്കുകയും ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ഇതിഹാസമാണ് ഇനിയേസ്റ്റ. കഴിഞ്ഞ ദിവസം അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു.ഒരു ഐതിഹാസികമായ കരിയർ തന്നെ അവകാശപ്പെടാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.വേൾഡ് കപ്പ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് യൂറോ കപ്പും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുമൊക്കെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ബാഴ്സ ഇതിഹാസങ്ങളോ താരങ്ങളോ വിരമിക്കുമ്പോൾ അവരുടെ ചിരവൈരികളായ റയൽ മാഡ്രിഡ് സ്റ്റേറ്റ്മെന്റ് ഇറക്കൽ പതിവുള്ള കാര്യമല്ല. പക്ഷേ ഇനിയേസ്റ്റയുടെ കാര്യത്തിൽ അങ്ങനെയല്ല. റയൽ മാഡ്രിഡ് പോലും അദ്ദേഹത്തെ ആദരിച്ചു കഴിഞ്ഞു.ഒരു സ്റ്റേറ്റ്മെന്റ് ഇന്നലെ അവർ ഇറക്കിയിട്ടുണ്ട്.ആ സ്റ്റേറ്റ്മെന്റിലൂടെ റയൽ മാഡ്രിഡ് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
‘ സ്പാനിഷ് ഫുട്ബോളിലെയും വേൾഡ് ഫുട്ബോളിലെയും ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ഇനിയേസ്റ്റ ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹത്തോടുള്ള ആദരവും ഇഷ്ടവും റയൽ മാഡ്രിഡ് എന്ന ക്ലബ്ബും പ്രസിഡണ്ടും ഡയറക്ടർമാരും ഇതിലൂടെ അറിയിക്കുന്നു. കിരീടങ്ങൾക്ക് പുറമേ ഫുട്ബോളിന് തന്റേതായ മൂല്യങ്ങൾ കൂടി സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് ഇനിയേസ്റ്റ. 2010 വേൾഡ് കപ്പ് ഫൈനലിൽ അദ്ദേഹം നേടിയ ഗോൾ എല്ലാ കാലവും സ്പാനിഷ് ആരാധകരുടെ ഓർമ്മകളിൽ ഉണ്ടാകും. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് അവർ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുള്ളത്.
ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട ക്ലബ്ബുകളും താരങ്ങളും ഇനിയേസ്റ്റയുടെ വിരമിക്കലിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.ഇനിയേസ്റ്റ എല്ലാവരുടെയും പ്രിയപ്പെട്ട താരമായിരുന്നു എന്നതിനുള്ള ഒരു ഉദാഹരണമാണ് ഇത്.കളിക്കളത്തിനകത്തും പുറത്തും സൗമ്യമായി പെരുമാറുന്ന ഇനിയേസ്റ്റക്ക് വിമർശകർ ഉണ്ടായിരുന്നില്ല എന്നുള്ളത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.